ചൈനയെന്ന് കേൾക്കുമ്പോൾ ചിലർ ചുവപ്പ് കണ്ട കാളയെ പോലെയെന്ന് ജയരാജൻ . . .

mvjayarajan

ചൈന വിവാദത്തില്‍ ബിജെപിയുടെ നിലപാടിനെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും, സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ എം വി ജയരാജന്‍ രംഗത്ത്. കാഞ്ഞിരക്കുരുവില്‍ നിന്ന് മധുരം പ്രതീക്ഷിക്കാന്‍ വയ്യ. സ്ഥായിയായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രമല്ല, സാമ്രാജ്യത്വ പ്രീണനവുമാണ് ബിജെപിയുടെ മുഖമുദ്ര. അതുകൊണ്ടാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിക്കെതിരായി അന്വേഷണം നടത്തണമെന്നും കേസ്സെടുക്കണമെന്നുമൊക്കെ ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാരുടെ കാലം മുതല്‍ സാമ്രാജ്യത്വത്തിന്റെ ഏജന്‍സിപ്പണിയാണ് സംഘപരിവാരം സ്വീകരിച്ചുവന്നത്. അവര്‍ അതിപ്പോഴും തുടരുന്നുവെന്ന് മാത്രം. ഇവിടേയും ഒരുകാര്യം ഓര്‍മ്മിക്കണം മുതലാളിത്തരാഷ്ട്രമായിട്ടും പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കന്‍ ഭരണകൂടം അന്വേഷിച്ചത് മാര്‍ക്‌സിനേയും മൂലധനത്തിന്റെ കോപ്പിയുമാണെന്നത് കോര്‍പ്പറേറ്റ് സേവ ശീലമാക്കിയ മോദിസര്‍ക്കാര്‍ മറന്നുപോകരുതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചു.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സോഷ്യലിസം ജനങ്ങളുടെ ആകെ വികസനമാണ് ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ ഇവിടെ വികസിക്കുന്നത് ശതകോടീശ്വരര്‍ മാത്രമാണ്. അങ്ങനെയുള്ള ബി.ജെ.പി യില്‍ നിന്നും ഒരിക്കലും സോഷ്യലിസത്തേയും ചൈനയെയും പിന്തുണക്കുന്ന സമീപനം നാം പ്രതീക്ഷിച്ചുകൂടായെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് സോഷ്യലിസത്തിലുള്ള തങ്ങളുടെ അടിയുറച്ച വിശ്വാസം ആവര്‍ത്തിക്കുകയും ഏകലോകക്രമം സ്ഥാപിക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യ നിലപാടുകള്‍ക്കെതിരായി ഉറച്ച നിലപാട് പ്രഖ്യാപിക്കുകയും ചെയ്ത കാര്യങ്ങളെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തപ്പോള്‍ ബിജെപി നേതാക്കള്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും വിശ്വസ്തരാണ് അമേരിക്കയും ട്രപും. അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളില്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. 2008 ല്‍ ആരംഭിച്ച ഈ പ്രതിസന്ധി അതിജീവിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞിട്ടില്ല. 2017ല്‍ മുതലാളിത്ത രാജ്യങ്ങളുടെ ജിഡിപി 3.3 ശതമാനം മാത്രമാണെങ്കില്‍ ചൈന 6.7 ശതമാനമാണ് കൈവരിച്ചത്. ജീവിതനിലവാരവും മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. സോഷ്യലിസത്തിലൂടെ ചൈനയെ കൂടുതല്‍ പുരോഗതിയേക്ക് നയിക്കാനും, മറ്റ് രാജ്യങ്ങളുടെമേല്‍ കുതിരകയറാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ശ്രമിച്ചാല്‍ ചെറുക്കുമെന്നും ചൈനീസ് പാര്‍ട്ടികോണ്‍ഗ്രസ്സ് തീരുമാനിച്ചു. ഇത് ഓരോ രാഷ്ട്രങ്ങള്‍ക്കും മാതൃകയാക്കാവുന്ന സ്വാഗതം ചെയ്യേണ്ട തീരുമാനം തന്നെയാണ്.

കോടിയേരി മാത്രമല്ല നടനും കര്‍ഷകനുമായ ശ്രീനിവാസനും ചൈനയെക്കുറിച്ച് ഈയ്യടുത്ത് പറയുകയുണ്ടായി. ചൈനയിലെ കാര്‍ഷിക പുരോഗതി കണ്ണഞ്ചിപ്പിക്കുന്നതാണെന്ന് മാത്രമല്ല, ചൂഷണം കാണാനേയില്ലെന്നും ചൈന സന്ദര്‍ശിച്ച ശ്രീനിവാസന്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ അവസ്ഥയെന്താണ്..? ബി.ജെ.പി ഭരണത്തില്‍ കൃഷിക്കാരുടെ ആത്മഹത്യ പെരുകുന്നതല്ലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുതലാളിത്ത സോഷ്യലിസ്റ്റ് രാജ്യങ്ങളായി വിഭജിക്കപ്പെട്ട സമൂഹത്തില്‍ബിജെപി ഏതു പക്ഷത്താണെന്ന് എല്ലാവര്‍ക്കും അറിയാം. അവരുടെ വര്‍ഗനയം എന്താണ്? ഇന്ത്യയില്‍ ബിജെപി സ്വീകരിക്കുന്ന ഭരണനടപടികള്‍ പരിശോധിച്ചാല്‍ കോര്‍പ്പറേറ്റ് അനുകൂല നിലപാടാണെന്ന് വ്യക്തമാണ്. ഇന്ത്യന്‍ ഭരണഘടനയും വിഭാവനം ചെയ്യുന്ന സോഷ്യലിസം ജനങ്ങളുടെ ആകെ വികസനമാണ് ലക്ഷ്യം വെയ്ക്കുന്നത്.

എന്നാല്‍ ഇവിടെ വികസിക്കുന്നത് ശതകോടീശ്വരര്‍ മാത്രമാണ്. അങ്ങനെയുള്ള ബി.ജെ.പി യില്‍ നിന്നുംഒരിക്കലും സോഷ്യലിസത്തേയും ചൈനയെയും പിന്തുണക്കുന്ന സമീപനം നാം പ്രതീക്ഷിച്ചുകൂടാ.കാഞ്ഞിരക്കുരുവില്‍ നിന്ന് മധുരം പ്രതീക്ഷിക്കാന്‍ വയ്യ. സ്ഥായിയായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രമല്ല, സാമ്രാജ്യത്വ പ്രീണനവുമാണ് ബിജെപിയുടെ മുഖമുദ്ര. അതുകൊണ്ടാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിക്കെതിരായി അന്വേഷണം നടത്തണമെന്നും കേസ്സെടുക്കണമെന്നുമൊക്കെ ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഏത് രാഷ്ട്രത്തിന്റെയും നല്ലവശങ്ങളെ എന്തുകൊണ്ട് നമുക്ക് സ്വീകരിച്ചുകൂട. ഇന്ത്യാരാജ്യത്തിനെതിരെ വന്നാല്‍ ആ രാഷ്ട്രത്തിനെതിരെ നമ്മള്‍ ഒറ്റമനസ്സായി ഒരുമിക്കുകയും ചെയ്യും.സിപിഐ(എം) ലോകമാകെ ഉയര്‍ന്നുവരുന്ന സാമ്രാജ്യവിരുദ്ധ പോരാട്ടത്തോടൊപ്പം ഐക്യപ്പെടുന്ന പ്രസ്ഥാനമാണ്. മാനവവിമോചന പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്.

ബ്രിട്ടീഷുകാരുടെ കാലം മുതല്‍ സാമ്രാജ്യത്വത്തിന്റെ ഏജന്‍സിപ്പണിയാണ് സംഘപരിവാരം സ്വീകരിച്ചുവന്നത്. അവര്‍ അതിപ്പോഴും തുടരുന്നുവെന്ന് മാത്രം. ഇവിടേയും ഒരുകാര്യം ഓര്‍മ്മിക്കണം മുതലാളിത്തരാഷ്ട്രമായിട്ടും പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കന്‍ ഭരണകൂടം അന്വേഷിച്ചത് മാര്‍ ക്‌സിനേയും മൂലധനത്തിന്റെ കോപ്പിയുമാണെന്നത് കോര്‍പ്പറേറ്റ് സേവ ശീലമാക്കിയ മോഡിസര്‍ക്കാര്‍ മറന്നുപോകരുത്

എം.വി. ജയരാജന്‍

Top