‘എന്റെ അവസ്ഥയും പരുങ്ങലിലാണ്’ ; വിജയ് രൂപാണിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയുടേയും മുഖ്യമന്ത്രി വിജയ് രൂപാണിയുടേയും നില പരുങ്ങലിലാണെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രനഗര്‍ ജില്ലയിലെ വധ്വാന്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്ന നരേഷ്ഭായ് ഷായോട് രൂപാണി സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

വധ്വാന്‍ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായ വര്‍ഷാബെന്‍ ദോഷിയെ നീക്കി ധാഞ്ജിഭായ് പട്ടേലിന് ബിജെപി സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ച അഞ്ചു പേരില്‍ ഒരാളാണ് നരേഷ്ഭായ് ഷാ.

പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് വിജയ് രൂപാണി നരേഷ്ഭായിയെ വിളിച്ചതിന്റെ ഓഡിയോ ആണ് കോണ്‍ഗ്രസ്സ് ഗുജറാത്തില്‍ പ്രചരിപ്പിക്കുന്നത്.

രൂപാണി വിളിച്ചതിന് പിന്നാലെ സ്വതന്ത്രരരായി മത്സരിക്കാന്‍ തയ്യാറെടുത്ത ജൈന വിഭാഗക്കാരായ സ്ഥാനാര്‍ത്ഥികളും പത്രിക പിന്‍വലിച്ചിരുന്നു.

റാചിദ് ഷാ, ഭരത് കോതാരി, ഭവേഷ് വോറ, മിലാന്‍ ഷാ എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്ന മറ്റു നാലു പേര്‍.

‘നരേഷ് ഭായ്, പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഗുജറാത്തില്‍ അഞ്ച് ശതമാനം പോലും ജൈനര്‍ ഇല്ലാതിരുന്നിട്ടും എന്നെ മുഖ്യമന്ത്രിയാക്കി. എന്റെ അവസ്ഥയും പരുങ്ങലിലാണ്’ എന്നാണ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നത്.

അതേ സമയം ഫോണ്‍ സംഭാഷണം കൃത്രിമമാണെന്ന് നരേഷ്ഭായ് ഷാ പറഞ്ഞു. ഇതിനെതിരെ താന്‍ ക്രൈം ബ്രാഞ്ചിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Top