അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് ഗായിക കെ എസ് ചിത്രയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചത്. കലാരംഗത്തുനിന്ന് ചിത്രയ്‌ക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങളിലൊന്ന് നായകന്‍ സൂരജ് സന്തോഷിന്റേത് ആയിരുന്നു. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു എന്ന വാക്കുകളോടെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ സൂരജിന്റെ പ്രതികരണം. എന്നാല്‍ ഇതേതുടര്‍ന്ന് സൂരജിനെ എതിര്‍ത്തും അനുകൂലിച്ചും സമൂഹമാധ്യമ പ്രതികരണങ്ങള്‍ ഉണ്ടായി. ഇപ്പോഴിതാ സൂരജിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിംഗ്. ഒപ്പം സൂരജിന് അടുത്ത ചിത്രത്തില്‍ അവസരം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട് അദ്ദേഹം- ‘അടുത്ത സിനിമ തീരുമാനം ആയി വരുന്നേയുള്ളൂ. പക്ഷേ അതിലൊരു പാട്ട് ഉണ്ടാവുമെന്നും ആ പാട്ട് സൂരജ് സന്തോഷ് പാടുമെന്നും തീരുമാനിച്ചിട്ടുണ്ട്’, മനോജ് രാംസിംഗ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം ചിത്രയുടെ അഭിപ്രായത്തെക്കുറിച്ച് പ്രതികരിച്ചതിന് ശേഷം തനിക്കെതിരെ ഉണ്ടാവുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പറഞ്ഞ് സൂരജ് രംഗത്തെത്തിയിരുന്നു- ‘കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവസാനമില്ലാത്ത സൈബര്‍ ആക്രമണങ്ങളുടെ ഇരയാണ് ഞാന്‍. മുന്‍പും ഞാനിത് നേരിട്ടിട്ടുണ്ട്. പക്ഷേ ഇത്തവണ അത് കൂടുതല്‍ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഞാന്‍ എന്തായാലും നിയമനടപടി സ്വീകരിക്കും. അതേസമയം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യരുടെ കരുത്തുറ്റ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും പകരുന്നത്. നീതിക്കുവേണ്ടി നിലകൊള്ളുന്ന നിങ്ങള്‍ ഓരോരുത്തരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല. തളര്‍ത്താന്‍ പറ്റുകയും ഇല്ല’, സൂരജ് സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.