തിരുവനന്തപുരം: ഗുജറാത്തില്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന് യാതൊരു ഭീകരബന്ധവുമുള്ളതായി കരുതുന്നില്ലെന്ന് ഇസ്രതിനോടൊപ്പം കൊല്ലപ്പെട്ട പ്രാണേഷ് കുമാര്‍ പള്ളയുടെ പിതാവ് എം.ആര്‍.ഗോപിനാഥന്‍ പിള്ള.
അന്ന് നടന്നത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നും വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി വിധി പറയാനിരിയ്‌ക്കെ ഇത്തരമൊരു മൊഴി ദുരൂഹമാണെന്നും ഗോപിനാഥന്‍ പിള്ള പറഞ്ഞു. 12 വര്‍ഷത്തിന് ശേഷം ഇത്തരമൊരു മൊഴി വരുന്നതിന്റെ പിന്നില്‍ സംശയകരമായ കാര്യങ്ങളുണ്ടെന്നും ഗോപിനാഥന്‍ പിള്ള വ്യക്തമാക്കി.
ഇസ്രത് ജഹാനെതിരായ ആരോപണം തള്ളി സഹോദരി മുസ്രത് ജഹാനും രംഗത്തെത്തി. ഇസ്രത്തിന്റെ കൊലപാതകം വലിയ ഗൂഢാലോചനയാണെന്നും പല ഉന്നതര്‍ക്കും പങ്കുണ്ടെന്നും മുസ്രത് ആരോപിച്ചു.
ഇസ്രത്തിന്റ കൊലപാതകം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് അന്വേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇസ്രത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകയായ വൃന്ദ ഗ്രോവറും ഹെഡ്‌ലിയുടെ മൊഴി തള്ളി. ഹെഡ്‌ലിയുടെ മൊഴി തെളിവല്ലെന്ന് വൃന്ദ ഗ്രോവര്‍ വ്യക്തമാക്കി.
പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം നല്‍കിയ മൂന്ന് പേരുകളില്‍ ഒന്ന് തിരഞ്ഞെടുക്കുക മാത്രമാണ് ഹെഡ്‌ലി ചെയ്തതെന്ന് വൃന്ദ ഗ്രോവര്‍ പറഞ്ഞു. ഇസ്രത് ജഹാന്‍ ലഷ്‌കര്‍ ഇ തയിബ പ്രവര്‍ത്തകയാണെന്ന് മുംബയ് ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി കോടതി വിചാരണയ്ക്കിടെ ഇന്ന് പറഞ്ഞിരുന്നു.
വനിതാ ചാവേറുകളെ സംബന്ധിച്ചുള്ള ചോദ്യത്തിന് തനിയ്ക്ക് പേര് ഓര്‍മ്മയില്ല എന്ന് ഹെഡ്‌ലി പറഞ്ഞപ്പോള്‍ ഉജ്ജ്വല്‍ നികം മൂന്ന് പേരുകള്‍ മുന്നോട്ട് വച്ചു. ഇതില്‍ ഒന്ന് ഇസ്രത് ജഹാന്‍ എന്നായിരുന്നു. ഇതേ തുടര്‍ന്ന് ഇസ്രത് ജഹാന്‍ എന്ന് ഹെഡ്‌ലി പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.