നായ്‌പയിടൗ: റോഹിങ്ക്യൻ കൂട്ടക്കൊല റിപ്പോർട്ട് ചെയ്ത പ്രമുഖ മാധ്യമ സ്ഥാപനമായ റോയിറ്റേഴ്സിലെ രണ്ട് മാധ്യമപ്രവർത്തകരെ മ്യാൻമർ അറസ്റ്റ് ചെയ്തു. മ്യാൻമറിൽ പട്ടാളക്കാരും, ഗ്രാമീണരും ചേർന്ന് 10 റോഹിങ്ക്യൻ പുരുഷന്മാരെ കൊലപ്പെടുത്തിയത് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ കാരണത്താലാണ് മാധ്യമപ്രവർത്തകരെ മ്യാൻമർ അറസ്റ്റ് ചെയ്‍തത്.
വാ ലോൺ, കവ സോ അഓ എന്നി മാധ്യമപ്രവർത്തകരാണ് പിടിയിലായത്. റാഖൈൻ സംസ്ഥാനത്ത് നടന്ന റോഹിങ്ക്യ പ്രതിസന്ധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ സംസ്ഥാന രഹസ്യരേഖകൾ നിയമവിരുദ്ധമായി കൈവശം വെച്ചുവെന്നാണ് മ്യാൻമർ ആരോപിക്കുന്നത്.
മ്യാൻമറിൽ പട്ടാളക്കാർ ഇൻ ദിൻ ഗ്രാമത്തിലെ ഗ്രാമീണരുടെ സഹായത്തോടെ 10 റോഹിങ്ക്യകളെയും, കൗമാരക്കാരായ ആൺകുട്ടികളെയും തടഞ്ഞു നിർത്തി സെപ്തംബർ 2ന് വധശിക്ഷ നടപ്പാക്കിയെന്നും, ആഗസ്റ്റ് മുതൽ ഏഴരലക്ഷത്തോളം റോഹിങ്ക്യകൾ വടക്കൻ റഖീനിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം നടത്തിയെന്നും ഇത് ഐക്യരാഷ്ട്ര സഭ വംശീയ ശുദ്ധീകരണം എന്ന് ഉയർത്തിക്കാട്ടിയ മ്യാൻമർ സൈന്യത്തിന്റെ നടപടികൾ കാരണമാണെന്നും റോയിട്ടേഴ്സ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇൻ ദിൻ കൂട്ടക്കൊലയെ കുറിച്ച് റോയിട്ടേഴ്സ് അന്വേഷണം നടത്തിയതിനാലാണ് മ്യാൻമർ വാർത്താ ഏജൻസി റിപ്പോർട്ടർമാരെ അറസ്റ്റ് ചെയ്യാൻ കാരണമെന്ന് ഏജൻസി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുവാൻ റോയിട്ടേഴ്സ് പട്ടാളത്തിന്റെ ക്രൂരതയ്ക്ക് ഇരയായവരുടെ കുടുംബങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയും അവരുടെ അഭിമുഖങ്ങൾ നടത്തുകയും ചെയ്തിരുന്നു.
10 റോഹിങ്ക്യക്കാരുടെ മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് മ്യാൻമർ സൈന്യം സമ്മതിച്ചിരുന്നു. എന്നാൽ, അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കൂടുതൽ ശവകുടീരങ്ങൾ കണ്ടെത്തിയെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് മ്യാൻമർ ഭരണകൂടം മറുപടി നൽകിയിട്ടില്ല.
കൊലചെയ്യപ്പെട്ടവർ റോഹിങ്ക്യൻ തീവ്രവാദികളാണെന്നും എന്നാൽ റോയിട്ടേഴ്സ് നൽകിയ റിപ്പോർട്ടിൽ അവർ മത്സ്യത്തൊഴിലാളികൾ, കച്ചവടക്കാർ, കൗമാരക്കാരായ രണ്ടു വിദ്യാർത്ഥികൾ, ഇസ്ലാമിക അധ്യാപകൻ എന്നിങ്ങനെയാണ് നല്കിയിരിക്കുന്നതെന്നും ഇത് തെറ്റാണെന്നും മ്യാൻമർ സൈന്യം പറയുന്നു.
അതേസമയം ഞങ്ങൾ നൽകിയ വാർത്ത ആഗോളതലത്തിൽ പ്രാധാന്യമുള്ളതാണ്, അതിൽ ഒരു തരത്തിലുള്ള കള്ളത്തരങ്ങളും ഇല്ല, ഒരു മാധ്യമ സ്ഥാപനമെന്ന നിലയിൽ ഈ വാർത്ത പ്രസിദ്ധീകരിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങൾക്കുണ്ടെന്നും, അതിനാൽ ഈ പ്രശ്നത്തിൽ ഞങ്ങൾ ഭയക്കുന്നില്ലെന്നും റോയിട്ടേഴ്സ് പ്രസിഡന്റ് സ്റ്റീഫൻ ജെ അഡ്ഡ്ലർ അറിയിച്ചു.
മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴരലക്ഷത്തോളം റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. മ്യാൻമറിന് ആഗോളതലത്തിൽ നിന്ന് നേരിടേണ്ടി വന്ന സമ്മർദം കാരണം നവംബറിൽ റോഹിങ്ക്യകളെ തിരികെ സ്വീകരിക്കുന്നതിന് ബംഗ്ലാദേശുമായി കരാറിൽ ഒപ്പുവെച്ചിരുന്നു.
ബംഗ്ലാദേശിൽ നിന്ന് റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം മാതൃരാജ്യത്തേക്ക് മടങ്ങാൻ താൽപര്യമുള്ളവരെ മാത്രം മടക്കി അയച്ചാൽ മതിയെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചിരിക്കുന്നത്. മാത്രമല്ല മ്യാൻമറിലെയ്ക്ക് തിരികെ പോകുന്നതിന് റോഹിങ്ക്യൻ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം തിരികെ എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് നൽകുന്നത് സുരക്ഷിതമായ സംരക്ഷണമായിരിക്കണമെന്ന് ലോക മനുഷ്യവകാശ സംഘടനകൾ ആവിശ്യപ്പെട്ടിട്ടുണ്ട്. ഈ കാരണത്താൽ വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് മുൻപ് തിരികെ എത്തുന്നവർക്ക് താത്കാലിക അഭയ കേന്ദ്രങ്ങളാണ് നൽകുന്നതെന്നും , അതിനാൽ രണ്ട് വർഷത്തിനുളളിൽ ഇവരെ പൂർണമായി സ്വീകരിക്കുമെന്ന് മ്യാൻമർ വ്യക്തമാക്കിയിരുന്നു.
റിപ്പോര്‍ട്ട് രേഷ്മ പി എം