റോഹിങ്ക്യന്‍ വില്ലേജില്‍ സൈനീകത്താവളങ്ങള്‍ ഒരുങ്ങുന്നു; ഒപ്പം അഭയാര്‍ഥിക്കള്‍ക്കുള്ള വീടുകളും

rohingya

രാഖിനി: റോഹിങ്ക്യനുകളുടെ പള്ളികളും വീടുകളും നിലനിന്നിടുത്ത് സൈനീകത്താവളങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആംനാസ്റ്റി ഇന്റര്‍ നാഷണലാണ് ഇക്കാര്യം അറിയിച്ചത്. സാറ്റലൈറ്റ് വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആംനാസ്റ്റി ഇക്കാര്യം അറിയിച്ചത്. ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് നിരത്തിയാണ് കെട്ടിട നിര്‍മ്മാണം നടത്തുന്നതെന്നും ആംനാസ്റ്റി പറയുന്നു.

ഈ പ്രദേശത്ത് വീടുകളുടേയും, റോഡുകളുടേയും നിര്‍മ്മാണം അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും ഒഴിഞ്ഞുപോകാന്‍ തയാറാവത്തവരെ ബലമായാണ് പട്ടാളം ഒഴിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം റോഹിങ്ക്യനുകളെ ഉപദ്രവിച്ചവര്‍ക്കുവേണ്ടിയാണ് കെട്ടിടങ്ങള്‍ ഉയരുന്നതെന്നാണ് ആംനാസ്റ്റി വെളിപ്പെടുത്തുന്നത്. തിങ്കളാഴ്ചയാണ് ആംനാസ്റ്റി ഇതേകുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഏഴു ലക്ഷം റോഹിങ്ക്യനുകളെയാണ് മ്യാന്മര്‍ ഭരണകൂടം രാഖിനി സംസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചത്. അതൊടൊപ്പം പലരേയും കൊന്നൊടുക്കുകയും, ക്രൂര പീഡനത്തിന് വിധേയരാക്കുകയും ചെയ്തിരുന്നു. കൂടാതെ അവരുടെ വീടുകളും, പള്ളികളും കത്തിച്ചു ചാമ്പലാക്കിയിരുന്നു. അവരുടേതായ ഒരു അടയാളം പോലും ബാക്കിവെയ്ക്കാതെയാണ് പട്ടാളം തുടച്ചുമാറ്റിയത്.

rakhini

ഓഗസ്ത് 25 ന് ഇവര്‍ക്കു നേരെ നടന്നത് മ്യാന്മര്‍ പട്ടാളക്കാരുടെ നരനായാട്ടായിരുന്നു. പലരും ബംഗ്ലാദേശിലേക്കും മറ്റു അയല്‍ രാജ്യങ്ങളിലേക്കും പാലായനം ചെയ്യുകയായിരുന്നു. പശ്ചിമ മ്യാന്മറിലെ രാഖിനി സംസ്ഥാനത്തെ 350 ഗ്രാമങ്ങളാണ് ഇവര്‍ തീവെച്ച് നശിപ്പിച്ചത്.

ഈ മേഖലയില്‍ അതിവേഗ റോഡുകളും, അഭയാര്‍ഥികള്‍ക്കായുള്ള ഭവനങ്ങളും നിര്‍മ്മിക്കുന്നുണ്ടെന്നും, കൂടാതെ ശക്തമായ സൈനീക സുരക്ഷാ നിര്‍മ്മാണങ്ങളും ഇവിടെ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഖിനി സംസ്ഥാനത്ത് പ്രധാനമായും ഇപ്പോള്‍ കാണാന്‍ കഴിയുന്നത് പട്ടാളത്തിന്റെ വീടു പിടിച്ചെടുക്കലാണെന്ന് ആംനാസ്റ്റി ദുരന്ത നിവാരണ വിഭാഗത്തിന്റെ ചുമതലയുള്ള ഡയറക്ടര്‍ തിരാന ഹാസന്‍ പറഞ്ഞു. ഉന്‍മൂല നാശനം ചെയ്ത കൈകള്‍കൊണ്ടു തന്നെ അവര്‍ക്കുള്ള വീടുകള്‍ നിര്‍മ്മിക്കുകയാണ് പട്ടാളമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

rohingyan

സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പ്രകാരം മുമ്പ് റോഹിങ്ക്യനുകളുടെ പള്ളി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പൊലീസ് സേനയുടെ ഒരു പോസ്റ്റാണ് കാണപ്പെടുന്നതെന്നും അവര്‍ സൂചിപ്പിച്ചു. അതേസമയം തിരിച്ചു വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി രാഖിനിയില്‍ വീടുകള്‍ നിര്‍മ്മിക്കുകയാണെന്നാണ് മ്യാന്‍മര്‍ ഭരണകൂടം അറിയിച്ചത്.

എന്നാല്‍, നൊബേല്‍ സമ്മാന ജേതാവായ ഓങ്‌സാങ് സൂകി റോഹിങ്ക്യനുകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. പഴയ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്ത് പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്.

rohingya3

അതേസമയം, റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചെടുക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ നവംബറില്‍ ബംഗ്ലാദേശുമായി മ്യാന്‍മര്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും തിരാന ഹാസന്‍ അറിയിച്ചു. പട്ടാളത്തിന്റെ നടപടിയില്‍ ഭയന്ന് ഏഴു ലക്ഷം പേരാണ് രാഖിനിയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തത്.

എന്നാല്‍, ഇവിടുത്തെ സുരക്ഷാ സേനയും, റോഹിങ്ക്യനുകളല്ലാത്തവരും അഭയാര്‍ഥികളെ തിരികെ കൊണ്ടുവരാന്‍ ഒരിക്കലും സമ്മതിക്കില്ലെന്നും തിരാന വെളിപ്പെടുത്തുന്നു. പട്ടാളക്കാരില്‍ നിന്നും രക്ഷപ്പെട്ട് ജീവനുകൊണ്ട് പലായനം ചെയ്ത അവര്‍ വീണ്ടും പീഡനത്തിലേക്ക് ഒരു തിരിച്ചു വരവിന് ഒരുങ്ങുമെന്ന് തോന്നുന്നില്ലെന്നും അവര്‍ സൂചിപ്പിച്ചു.

Top