ബ്രസൽസ് : മ്യാൻമറിന്റെ സൈനിക ഭരണകൂടത്തിനെ പിന്തുണയ്ക്കുന്ന റഷ്യയുടേയും ചൈനയുടേയും നയങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ജോസെപ് ബോറലാണ് ആരോപണം കടുപ്പിക്കുന്നത്.
എന്നും സ്വന്തം താൽപ്പര്യം മാത്രം സംരക്ഷിക്കുന്ന രാജ്യങ്ങളാണ് റഷ്യയും ചൈനയും. സൈനിക ഭരണകൂടം മ്യാൻമറിൽ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും ക്രൂരതയുമാണ്. എന്നാൽ ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും മ്യാൻമറിനെ പിന്തുണയ്ക്കുന്നതിൽ അത്ഭുതമില്ലെന്നാണ് ബോറൽ പറയുന്നത്. ചൈന അതിർത്തി പങ്കിട്ടുകൊണ്ട് മ്യാൻമറിലെ വ്യാപാരത്തിലാണ് ശ്രദ്ധിക്കുന്നത്. റഷ്യയുടെ തന്ത്രം ആയുധക്കച്ചവടത്തിൽ മാത്രമാണെന്നും ബോറൽ പറഞ്ഞു.
മ്യാൻമറിലെ ഭയാനകമായ സൈനിക അടിച്ചമർത്തലുകളിൽ ലോകം വിറങ്ങലിച്ചി രിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും 80 പേരെ സൈന്യം വധിച്ചതായാണ് വിവരം. കടുത്ത നിയന്ത്രണം മ്യാൻമറിന്റെ സൈനിക ഭരണകൂടത്തിനെതിരെ ആവശ്യമായി വന്നിരിക്കുന്നുവെന്നും ബോറൽ ചൂണ്ടിക്കാട്ടി.
സമാന ചിന്താഗതിയുള്ള എല്ലാ രാജ്യങ്ങളുടെ പിന്തുണയും യൂറോപ്യൻ യൂണിയൻ തേടുകയാണ്. മേഖലയിലെ മറ്റ് രാജ്യങ്ങൾ മ്യാൻമറുമായി മത്സരിക്കുന്നതിനാൽ ഒരു പൊതുധാരണയിലെത്താൻ ഏഷ്യൻ രാജ്യങ്ങൾക്കാവുന്നില്ലെന്നും ബോറൽ കുറ്റപ്പെടുത്തി.