റോഹിങ്ക്യ; ആസിയാനിലും വിമര്‍ശനം; പൊതുപരിപ്പാടിയില്‍ നിന്ന് പിന്മാറി സൂകി

suukis

സിഡ്‌നി: സിഡ്‌നിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലെ ചോദ്യോത്തര വേളയില്‍ നിന്ന് അവസാനം നിമിഷം ഓങ് സാങ് സൂകി പിന്‍മാറി. സുകിക്ക് സുഖമില്ലാത്തതിനാലാണ് പരിപാടിയില്‍ പിന്‍മാറിയതെന്നാണ് പരിപാടിയുടെ സംഘാടകന്‍ വ്യക്തമാക്കിയത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് സൂകി സംഘാടകരോട് അറിയിച്ചത്.

കാന്‍ബറയില്‍ നടക്കുന്ന ആസിയാന്‍-ഓസ്‌ട്രേലിയ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുകി. അതൊടൊപ്പം തന്നെ സിഡ്‌നിയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിങ്ക് -ടാങ്കില്‍ സൂകിയുടെ ഒരു പ്രസംഗ പരിപാടിയും സംഘടിപ്പിരുന്നു. എന്നാല്‍, പരിപാടിക്ക് തൊട്ടു മുമ്പാണ് സൂകി പ്രസംഗ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് തിങ്ക് ടാങ്ക് സംഘാടകന്‍ അറിയിച്ചത്. മ്യാന്‍മാര്‍ നേതാവിന് സുഖമില്ലാത്തതിനാല്‍ പരിപാടി കാന്‍സല്‍ ചെയ്യുകയാണെന്നാണ് അവര്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന തെക്കു കിഴക്കന്‍ ആസിയാന്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്ത മുഖ്യ വിഷയവും റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രശ്‌നമായിരുന്നു. മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളും ഇക്കാര്യത്തില്‍ സൂകിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റോഹിങ്ക്യന്‍ പ്രതിസന്ധിക്ക് പരിഹാരം സ്വീകരിക്കാത്തതിനെ കുറിച്ചും പട്ടാള നടപടിയെ കുറിച്ചും നിരവധി ചോദ്യങ്ങളാണ് സൂകിക്ക് നേരെ ഉയര്‍ന്നത്.

റോഹിങ്ക്യകളുടെ പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് പൊലുള്ള തീവ്രവാദികള്‍ അവരുമായി ഇടപ്പെടാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയൊരു ഘട്ടം വന്നാല്‍ രാജ്യ സുരക്ഷ തന്നെ വലിയ വെല്ലുവിളിയാകുമെന്നും മലേഷ്യന്‍ നേതാവ് നജീബ് റസാക് മുന്നറിയിപ്പു നല്‍കി. ആസിയാന്റെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഖിനി സംസ്ഥാനത്ത് റോഹിങ്ക്യകള്‍ക്കെതിരെ മ്യാന്‍മാര്‍ ഭരണകൂടത്തിന്റെ സൈന്യത്തിന്റെ നടപടിക്കെതിരെ പ്രതികരിക്കാന്‍ ഇതുവരെ സൂകി തയാറായിട്ടില്ല. സൈനീക നടപടിയെ തുടര്‍ന്ന് 7,0000 റോഹിങ്ക്യകളാണ് രാഖിനി സംസ്ഥാനത്തു നിന്നും പലായനം ചെയ്തത്.

Top