യാങ്കൂണ്‍: ആഭ്യന്തര പ്രതിഷേധം രൂക്ഷമായിരിക്കുന്ന മ്യാൻമറിൽ ശനിയാഴ്ച സൈന്യത്തിന്റെ ആക്രമണത്തിൽ 114 പേരാണ് മരിച്ചിരിക്കുന്നത്. മ്യാൻമറിന്റെ സായുധ സേനാ ദിനമായ ശനിയാഴ്ചയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതിയുണ്ടായത്. പട്ടാള അട്ടിമറിയിലൂടെ വന്ന ഭരണത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഫെബ്രുവരി ഒന്നിനാണ് സൈനിക അട്ടിമറിയുണ്ടായത്. പിന്നീട്, തുടര്‍ച്ചയായി സൈനിക ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുകയായിരുന്നു. യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ പ്രദേശങ്ങളില്‍ ആയിരങ്ങള്‍ തെരുവിൽ പ്രതിഷേധം തുടരുകയാണ്. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനാണ് വെടിവയ്പ്പുണ്ടായത്. ഇതുവരെ 400 പേരാണ് പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടിരിക്കുന്നത്. ഇപ്പോൾ കണ്ടാലുടനെ വെടിവയ്ക്കാനാണ് സൈന്യത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മ്യാന്‍മാറിൽ ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വാര്‍ത്ത ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മ്യാൻമറിലെ പ്രധാന നഗരങ്ങളിലൊന്നായ മണ്ടാലെയിൽ 13 വയസുള്ള പെണ്‍കുട്ടിയടക്കം 40 പേരാണ് മരിച്ചത്. വാണിജ്യ കേന്ദ്രമായ യാങ്കോണിൽ 27 പേർ കൊല്ലപ്പെട്ടുവെന്ന് മ്യാൻമർ നൗ പറഞ്ഞു. സെൻട്രൽ സാഗിംഗ് മേഖലയിൽ മരിച്ചവരിൽ 13 വയസുകാരനും ഉൾപ്പെടുന്നു. ഒരു വയസുകാരനായ കുട്ടിയുടെ കണ്ണിൽ റബ്ബര്‍ ബുള്ളറ്റ് തറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഓങ് സാൻ സൂചിയുടെ കക്ഷി വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയിരുന്നു. എന്നാൽ, കൃത്രിമത്തിലൂടെയാണ് അധികാരത്തിൽ എത്തിയത് എന്ന് ആരോപിച്ചാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. ഫെബ്രുവരി ഒന്നിനാണ് പട്ടാളം അധികാരം പിടിച്ചത്. അട്ടിമറിക്ക് ശേഷം പ്രതിഷേധക്കാര്‍ക്ക് നേരെ നടക്കുന്ന വലിയ ആക്രമണമാണിത്. കൊല്ലപ്പെട്ടതിൽ ഏറെ ആളുകളും തലയ്ക്ക് വെടിയേറ്റാണ് മരിച്ചിരിക്കുന്നത്. മാര്‍ച്ച് 14ന് നടന്ന പട്ടാള അതിക്രമങ്ങളില്‍ 74നും 90നും ഇടയിൽ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ മ്യാൻമറിലുണ്ടായ ആക്രമണത്തിൽ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യുഎസ് സ്ഥാനപതി “ഭയാനകം” എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അട്ടമറിക്ക് ഉത്തരവാദികളായവര്‍ക്ക് നേരെ അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, റഷ്യയും ചൈനയും മ്യാൻമാറിന്റെ പട്ടാള ഭരണത്തെ പിന്തുണയ്ക്കുകയാണ്.
മ്യാന്‍മറില്‍ രക്തകലുഷിതമായ സായുധ ദിനത്തിൽ റഷ്യയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. റഷ്യയുടെ പ്രതിരോധ സഹമന്ത്രി അലക്സാണ്ഡർ ഫോര്‍മിൻ പരേഡിൽ വിശിഷ്ഠ അതിഥിയായി പങ്കെടുത്തിരുന്നു. പാശ്ചാത്യരാജ്യങ്ങള്‍ വിമർശിക്കുമ്പോഴും റഷ്യയും ചൈനയും പട്ടാള ഭരണത്തെ പിന്തുണയ്ക്കുകയാണ്.
നിരപരാധികളെ കൊന്നൊടുക്കി സായുധ സേനാ ദിനം ആഘോഷിക്കുന്നത് സൈന്യത്തിന് അപമാനകരമാണെന്ന് സൈനിക മേധാവികളെ കുറ്റപ്പെടുത്തി പ്രതിഷേധക്കാരുടെ വക്താവായ ഡോ. സാൻസ പറഞ്ഞു. ഈ വിപ്ലവകാലത്ത് ജീവൻ ബലിയർപ്പിച്ച ഞങ്ങളുടെ നായകന്മാരെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു, ഈ വിപ്ലവം ഞങ്ങൾ വിജയിക്കണമെന്ന് പ്രധാന പ്രതിഷേധ ഗ്രൂപ്പുകളിലൊന്നായ ജനറൽ സ്ട്രൈക്ക് കമ്മിറ്റി ഓഫ് നാഷണാലിറ്റീസ് (ജിഎസ്സിഎൻ) ഫേസ്ബുക്കിൽ കുറിച്ചു.