റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസം ; ആശങ്കയുണ്ടെന്ന് യു.എന്‍ പ്രതിനിധി . . .

rohingya-1

യാങ്കൂണ്‍: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരികെ മ്യാന്‍മറിലേക്ക് കൊണ്ടു പോകുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തല്‍. മ്യാന്‍മറില്‍ സന്ദര്‍ശനത്തിനെത്തിയ മുതിര്‍ന്ന യുഎന്‍ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്.

രാഖിനി പ്രദേശത്ത് റോഹിങ്ക്യകള്‍ക്കായി ഒരുക്കുന്നുവെന്ന് ഭരണകൂടം പറയുന്ന പോലെ ഒരു നിര്‍മ്മാണ പ്രവൃത്തികളും തനിക്ക് അവിടെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും റോഹിങ്ക്യകളുടെ വീടുകളും മറ്റും നിന്ന സ്ഥലം ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരപ്പാക്കുകയാണ് ചെയ്തതെന്നും മുള്ളര്‍ പറഞ്ഞു. അതേസമയം റോഹിങ്ക്യകളുടെ പുനരധിവാസത്തിനായി സ്ഥലം ബുള്‍ഡോസര്‍ ഉപയോഗിച്ച് വൃത്തിയാക്കിയതാണെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്.

റോഹിങ്ക്യകളുടെ അവസ്ഥ വളരെ ദയനീയമാണെന്നും അവര്‍ക്ക് മികച്ച ചികിത്സയോ, സുരക്ഷിതത്വമോ ലഭിക്കുന്നില്ലെന്നും
എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുകയാണെന്നും എന്നാല്‍ മ്യാന്‍മര്‍ ഭരണകൂടം ഇതുവരേയും ഒരു നടപടി സ്വീകരിക്കാനും ശ്രമിക്കുന്നില്ലെന്നും ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതിയിലെ അസിസ്റ്റ്ന്റ് സെക്രട്ടറി ജനറലായ ഉര്‍സുല മുളളര്‍ പറഞ്ഞു. ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മുള്ളര്‍ മ്യാന്‍മറില്‍ എത്തിയത്.

rohi2

റോഹിങ്ക്യകളുടെ പുനരധിവാസം സംബന്ധിച്ച് നവംബറില്‍ ബംഗ്ലാദേശുമായി മ്യാന്‍മര്‍ ഭരണകൂടം കരാറില്‍ ഒപ്പുവച്ചിരുന്നു. അതുപ്രകാരം വളരെ വേഗത്തില്‍ തന്നെ അവരെ തിരിച്ച് പുനരധിവസിപ്പിക്കുമെന്നും ന്യായമായതും സുരക്ഷിതവുമായ ജീവിതം റോഹിങ്ക്യകള്‍ക്ക് നല്‍കുമെന്ന് ഭരണകൂടം മുള്ളറിന് വാക്കു നല്‍കിയിട്ടുണ്ട്.

ദുരന്ത ബാധിത പ്രദേശമായ രാഖിനി പ്രദേശത്തെ സന്ദര്‍ശിക്കാന്‍ ഭരണകൂടം മുള്ളറെ അനുവദിച്ചിരുന്നു. തുടര്‍ന്ന് പ്രതിരോധ വകുപ്പ് മന്ത്രി, മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാങ് സൂകിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. മ്യാന്‍മറിലെ രാഖിനി സംസ്ഥാനത്തെ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ ക്രൂരമായ പട്ടാള നടപടിയാണ് ഭരണകൂടം സ്വീകരിച്ചത്. വംശീയഹത്യ ഭയന്ന് ഏകദേശം ഏഴു ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

ആഗസ്ത് 25 നാണ് വടക്കു പടിഞ്ഞാറന്‍ രാഖിനി സംസ്ഥാനത്ത് മ്യാന്‍മര്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടി ആരംഭിച്ചത്. പട്ടാളക്കാരുടെ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേരെ ജീവനോടെ ചുടുകയും, കൊള്ളയടിക്കുകയും, സ്ത്രീകളേയും കുട്ടികളേയും ക്രൂര പീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം മുസ്ലീം തീവ്രവാദികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

rohi9

റോഹിങ്ക്യന്‍ ജനതയെ മ്യാന്‍മറിലേക്ക് തിരികെ കൊണ്ടു പോകുന്ന കാര്യത്തില്‍ ബംഗ്ലാദേശിനും നേരത്തെ തന്നെ അവ്യക്തതയുണ്ടായിരുന്നു. മ്യാന്‍മറിന് ആഗോളതലത്തില്‍ നിന്ന് നേരിടേണ്ടി വന്ന സമ്മര്‍ദം കാരണമാണ് നവംബറില്‍ റോഹിങ്ക്യകളെ തിരികെ സ്വീകരിക്കുന്നതിന് വേണ്ടി ബംഗ്ലാദേശുമായി കരാറില്‍ ഒപ്പുവെച്ചത്

ബംഗ്ലാദേശില്‍ നിന്നും അവരെ വിട്ടു തന്നാല്‍ അവരെ സ്വീകരിക്കാന്‍ തയാറാണെന്നാണ് അന്താരാഷ്ട്ര സഹകരണ മന്ത്രിയായ ക്യാ ടിന്‍ ജനുവരിയില്‍ പറഞ്ഞത്. അഭയാര്‍ഥികളെ ജനുവരി 23 മുതല്‍ തിരിച്ചയയ്ക്കാനും അവരെ മ്യാന്‍മറില്‍ പുനരധിവസിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു.

ഇരു രാജ്യങ്ങളുമായുള്ള നിലവിലെ കരാര്‍ പ്രകാരം അതിര്‍ത്തിയില്‍ ബംഗ്ലദേശ് അഞ്ച് താല്‍ക്കാലിക കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് റോഹിങ്ക്യന്‍ ജനതകളെ അവിടെ എത്തിക്കുകയും, തുടര്‍ന്ന് പല സംഘങ്ങളായി അവരെ അതിര്‍ത്തിയില്‍ മ്യാന്‍മര്‍ സജ്ജീകരിക്കുന്ന രണ്ടു കേന്ദ്രങ്ങളിലേക്കു മാറ്റുമെന്നുമായിരുന്നു.

rohingya

ഇവിടെനിന്നു രാഖിനി പ്രവിശ്യയിലെ മൗങ്‌ഡോ ജില്ലയില്‍ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുമെന്നും പിന്നീട് അവരുടെ ആദ്യ വാസസ്ഥലങ്ങളില്‍ സ്ഥിരമായി പാര്‍പ്പിക്കുമെന്നായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. റോഹിങ്ക്യന്‍ ജനതകളെ രണ്ടുവര്‍ഷത്തിനുള്ളില്‍ തിരികെ സ്വീകരിക്കാമെന്നായിരുന്നു മ്യാന്‍മറിന്റെ നിലപാട്

വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് മുന്‍പ് തിരികെ എത്തുന്നവര്‍ക്ക് മ്യാന്‍മര്‍ ഭരണകുടം താത്കാലിക അഭയ കേന്ദ്രങ്ങളാണ് നല്‍കുന്നത്, അതിനാലാണ് രണ്ട് വര്‍ഷത്തിനുളളില്‍ ഇവരെ പൂര്‍ണമായി സ്വീകരിക്കുമെന്ന് മ്യാന്‍മര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതു സംബന്ധിച്ച് യഥാര്‍ഥത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും മുളളര്‍ പറഞ്ഞു.

അതേസമയം, റോഹിങ്ക്യകള്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കയറി വന്ന കുടിയേറ്റക്കാരാണെന്നാണ് മ്യാന്‍മറിലെ ഭൂരിഭാഗം വരുന്ന ബുദ്ധ മത വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ പറയുന്നത്. എന്നാല്‍ മ്യാന്‍മറിലെ നടപടിയെ വംശീയ ശുദ്ധീകരണം എന്നാണ് ഐക്യരാഷ്ട്ര സംഘടന വിശേഷിപ്പിച്ചത്.

rohingya3
എന്നാല്‍ ബംഗ്ലാദേശില്‍ നിന്ന് റോഹിങ്ക്യന്‍ ജനതകളെ തിരിച്ചയക്കുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം മാതൃരാജ്യത്തേക്ക് മടങ്ങാന്‍ താല്‍പര്യമുള്ളവരെ മാത്രം മടക്കി അയച്ചാല്‍ മതിയെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചിരിക്കുന്നത്. മാത്രമല്ല മ്യാന്‍മറിലേക്ക് തിരികെ പോകുന്നതിന് റോഹിങ്ക്യന്‍ ജനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Top