ആരോഗ്യ പ്രശ്‌നങ്ങള്‍ ; മ്യാന്‍മര്‍ പ്രസിഡന്റ് ഹിതിന്‍ ക്യോ രാജിവെച്ചു

myanmar

മ്യാന്‍മര്‍: മ്യാന്‍മര്‍ പ്രസിഡന്റ് ഹിതിന്‍ ക്യോ രാജിവെച്ചു. ബുധനാഴ്ചയാണ് അദ്ദേഹം തന്റെ ഔദ്യോഗിക പദവി ഒഴിഞ്ഞത്. നിലവിലെ ചുമതലകളില്‍ നിന്നും വിശ്രമ ജീവിതത്തിനായാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്യോ പ്രസിഡന്റ് പദവി രാജി വെച്ചത് സംബന്ധിച്ച കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതായി റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.

ക്യോയുടെ രാജിയെ തുടര്‍ന്ന് പുതിയ നേതാവിനെ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 71 വയസായ ക്യോ രണ്ട് വര്‍ഷത്തെ പദവിയ്ക്ക് ശേഷമാണ് രാജി വെയ്ക്കുന്നത്. മ്യാന്‍മര്‍ കൗണ്‍സിലര്‍ ആങ് സാന്‍ സൂക്കിയുടെ വലതു കൈയ്യായിരുന്ന ക്യോയ്ക്ക് ശേഷം ആരാണ് പ്രസിഡന്റാവുക എന്നത് ഉടന്‍ തന്നെ തീരുമാനമാകേണ്ടതാണ്. കാരണം മ്യാന്മര്‍ ഭരണഘടനയുടെ 73 ആം വകുപ്പ് അനുസരിച്ച് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാല്‍ ഏഴ് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ പ്രസിഡന്റ് ഒഴിവുകള്‍ നികത്തേണ്ടത് അനിവാര്യമാണ്.

ക്യോ രാജി വെയ്ക്കാന്‍ കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് മറ്റു വിവരങ്ങളൊന്നും ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അടുത്തതായി മ്യാന്‍മര്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് എന്‍എല്‍ഡി മെമ്പറോ അല്ലെങ്കില്‍ എന്‍എല്‍ഡി പോളിസിയുമായി യോജിക്കുന്ന വ്യക്തിയോ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മ്യാന്‍മര്‍ ഭരണഘടന ഭേദഗതി അനുസരിച്ച് നിലവിലെ വൈസ് പ്രസിഡന്റിന് പ്രസിഡന്റ് പദവി വഹിക്കുവാന്‍ സാധ്യമല്ല.

Top