ഹേഗ്: റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യ കേസ് ഉപേക്ഷിക്കണമെന്ന് മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചി. റോഹിങ്ക്യന്‍ മുസ്‌ലിംകളെ സൈന്യം വംശഹത്യ നടത്തിയ സംഭവത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ.) സാന്‍ സൂചിയുടെ വിചാരണ
തുടരുകയാണ്.
കേസ് ഉപേക്ഷിക്കണമെന്ന് സൂചി കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയുടെ ഏതൊരു നടപടിയും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
മ്യാന്‍മറിനെതിരെ ആഫ്രിക്കന്‍ രാജ്യമായ ഗാമ്ബിയ സമര്‍പ്പിച്ച ഹരജിയിലാണ് സൂചിക്ക് ഹാജരാകേണ്ടി വന്നത്. കേസിലെ മ്യാന്‍മറിന്റെ വാദങ്ങളെ കടുത്ത ഭാഷയിലാണ് ഗാമ്ബിയക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ എതിര്‍ത്തത്. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ ഇനിയും അക്രമം അനുഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ഉയര്‍ന്ന കോടതിയോട് ഗാമ്ബിയന്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.
ഹേഗിലെ മൂന്ന് ദിവസത്തെ വിചാരണയില്‍ മ്യാന്‍മറിന്റെ ഉപസംഹാരത്തില്‍, രാജ്യത്തെ നിലവിലെ സൈനിക നീതിന്യായ വ്യവസ്ഥയെ നിര്‍വീര്യമാക്കി പുറത്തുനിന്നുള്ള സംവിധാനം നടപ്പാക്കുന്നത് ‘പ്രവര്‍ത്തനക്ഷമമായ ശരീര ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് പോലെ’യാണെന്ന് സൂചി പറഞ്ഞു. മ്യാന്‍മര്‍ സര്‍ക്കാര്‍ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് പൂര്‍ത്തിയായാല്‍ എല്ലാവര്‍ക്കും നീതി ലഭ്യമാക്കും. കേസ് ഉപേക്ഷിച്ച് വൈവിധ്യത്തില്‍നിന്ന് ഐക്യം സൃഷ്ടിക്കാനുള്ള മ്യാന്‍മറിന്റെ ശ്രമങ്ങളെ സഹായിക്കുകയാണ് ചെയ്യേണ്ടതെന്നും അവര്‍ വാദിച്ചു.
2017 ഒക്‌ടോബറില്‍ മ്യാന്മറിലെ രാഖൈനിലെ സൈനിക അടിച്ചമര്‍ത്തലില്‍ നൂറുകണക്കിന് റോഹിങ്ക്യകളാണ് കൊല്ലപ്പെട്ടത്. നിരവധി റോഹിങ്ക്യന്‍ സ്ത്രീകളെ സൈന്യം ബലാത്സംഗം ചെയ്യുകയും ചെയ്തു. എട്ടു ലക്ഷത്തോളം ആളുകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.