ക്യാമ്പുകള്‍ വിഘടനവാദികള്‍ പിടിച്ചെടുത്തതിന് പിന്നാലെ മിസോറമിലേക്ക് കടന്ന് മ്യാന്മാറിലെ സൈനികര്‍

ഐസ്വാള്‍: തങ്ങളുടെ ക്യാമ്പുകള്‍ വിഘടനവാദികള്‍ പിടിച്ചെടുത്തതിന് പിന്നാലെ മിസോറമിലേക്ക് കടന്ന് മ്യാന്മാറിലെ സൈനികര്‍. അസം റൈഫിള്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 150-ലധികം സൈനികര്‍ മിസോറമിലെ ലോങ്ട്‌ലായ് ജില്ലയിലേക്ക് കടന്നതായാണ് അദ്ദേഹം പറയുന്നത്.

രാജ്യത്തെത്തിയ സൈനികരില്‍ പലര്‍ക്കും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. നിലവില്‍ അവര്‍ അസം റൈഫിള്‍സിന്റെ സുരക്ഷിതത്വത്തിലാണ്. അടുത്ത് തന്നെ അവരെ മ്യാന്മാറിലേക്കയക്കും. മ്യാന്മാര്‍ സര്‍ക്കാറുമായും കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ചകള്‍ പുരാഗമിക്കുകയാണ്, അസം റൈഫിള്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മ്യാന്മറിലെ സൈനികര്‍ ആയുധങ്ങളുമായി രക്ഷപ്പെട്ട് അസം റൈഫിള്‍സിനെ സമീപിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. അരാക്കന്‍ വിഘടനവാദ സംഘങ്ങള്‍ ക്യാമ്പുകള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇവര്‍ അഭയം തേടിയത്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മ്യാന്മര്‍ സൈനികരും അരാക്കന്‍ വിഘടനവാദികളുമായി വെടിവയ്പ്പുണ്ടായിരുന്നതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Top