യുഎസ് എംബസി ഉദ്യോഗസ്ഥരും മ്യാന്‍മാര്‍ വിടുന്നു

നയ്പിഡോ: പട്ടാളം അധികാരം പിടിച്ചടക്കിയ മ്യാന്‍മാറില്‍ പ്രതിഷേധക്കാര്‍ക്കെതിരേയുള്ള സൈനിക നടപടി ശക്തമായ സാഹചര്യത്തില്‍  അത്യാവശ്യമില്ലാത്ത എംബസി ഉദ്യോഗസ്ഥരെ അമേരിക്ക തിരിച്ചുവിളിക്കുന്നു. അവരുടെ കുടുംബാംഗങ്ങളോടും നാടുവിടാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ല്രിങ്കന്‍ നിര്‍ദേശിച്ചു. രാജ്യത്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ് സര്‍ക്കാര്‍  മ്യാന്‍മാര്‍ വിട്ടുപോകാന്‍ വേണ്ടവര്‍ക്ക്  അനുമതി നല്‍കിയിരുന്നു. യുഎസ് എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും എംബസി സേവനങ്ങള്‍ നല്‍കുമെന്നും യുഎസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

യുഎസ് സര്‍ക്കാര്‍  അമേരിക്കന്‍ പൗരന്മാര്‍ക്ക് ലെവല്‍ 4 യാത്രാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അത്യാവശ്യല്ലെങ്കില്‍ യാത്ര ഒഴിവാക്കാനും കാര്യം തീര്‍ത്ത് പെട്ടെന്ന് തിരിച്ചുവരാനുമാണ് നിര്‍ദേശം. അതേസമയം വിദേശരാജ്യങ്ങള്‍ നയതന്ത്രബന്ധം ഇതുവരെയും വിച്ഛേദിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പട്ടാളത്തിന്റെ വാര്‍ഷിക ദിനമായ തത്മാദാവ് ദിനത്തില്‍ ഏട്ടോളം രാജ്യങ്ങള്‍ നേരിട്ട് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. ഇന്ത്യ അടക്കം എട്ട് രാജ്യങ്ങള്‍ പങ്കെടുത്തു. റഷ്യ, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, വിയറ്റ്‌നാം, ലാവോസ്, തായ്‌ലന്‍ഡ് തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങള്‍. പട്ടാള അട്ടമറി നടന്നെങ്കിലും നയതന്ത്രബന്ധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നയതന്ത്രപ്രതിനിധികളെ അയയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നും നയതന്ത്ര ബന്ധം തുടരുമെന്നും ഇതേ കുറിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

 

Top