Myanmar’s Htin Kyaw sworn in as president

നയ്പിറ്റോ: ഓങ് സാന്‍ സൂകിയുടെ വിശ്വസ്തനായ ടിന്‍ ചൗവ് മ്യാന്‍മര്‍ പാര്‍ലമെന്റ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 1962ല്‍ സൈന്യം ഭരണം പിടിച്ചതിനുശേഷം സൈനിക പശ്ചാത്തലമില്ലാത്ത ആദ്യ മ്യാന്‍മര്‍ ഭരണാധികാരിയാണ് ടിന്‍ ചൗവ്. കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും സൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു.

സൈന്യം തയാറാക്കിയ നിലവിലെ ഭരണഘടനപ്രകാരം ബന്ധുക്കളോ പങ്കാളിയോ വിദേശികളായിട്ടുള്ളവര്‍ക്ക് മ്യാന്‍മറിന്റെ പ്രസിഡന്റാകാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഇതാണ് പ്രസിഡന്റാകുന്നതില്‍ സൂകിക്ക് തിരിച്ചടിയായത്. സൂകിയുടെ ഭര്‍ത്താവും രണ്ട് മക്കളും ബ്രിട്ടീഷ് പൗരത്വ മുള്ളവരാണ്. എങ്കിലും, പ്രസിഡന്റിനെ നിയന്ത്രിക്കുന്നതു താനായിരിക്കുമെന്നു സൂകി പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബറിലാണു എന്‍എല്‍ഡി തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയത്. 2ആകെയുള്ള 652 വോട്ടുകളില്‍ ചൗവ് 360 വോട്ട് നേടി. സൈന്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന മിന്റ് സ്‌വെയ്ക്കിന് 213 വോട്ട് ലഭിച്ചു. എന്‍എല്‍ഡി സ്ഥാനാര്‍ഥിയായിരുന്ന ഹോന്റിവാന്‍ തിയോ 79 വോട്ട് നേടി. രണ്ടും മൂന്നു സ്ഥാനം നേടിയ ഇരുവരും വൈസ് പ്രസിഡന്റുമാരാകും. 2011ലാണു പതിറ്റാണ്ടുകള്‍ നീണ്ട പട്ടാളഭരണം അവസാനിപ്പിച്ചുകൊണ്ടു തെയ്ന്‍ സെയ്ന്‍ പ്രസിഡന്റായത്. രാജ്യത്ത് പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചത് ഇദ്ദേഹമാണ്. ഭരണകൂടത്തെ വിമര്‍ശിച്ചതിനു ആളുകളെ ജയിലില്‍ അടച്ചിരുന്ന കാലത്തുനിന്നു മാധ്യമങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും തുറന്ന സംവാദങ്ങളും നടത്തുകയും ചെയ്യുന്ന അവസ്ഥയിലേക്കു രാജ്യം എത്തിയിട്ടുണ്ട്. ന്യൂനപക്ഷമായ റോഹിംഗ്യകളെ മാറ്റി നിര്‍ത്തിയാല്‍ പൊതുവേ മ്യാന്‍മാര്‍ ജനതയുടെ ജീവിതസാഹചര്യങ്ങള്‍ നന്നായിട്ടുണ്ട്.

സാമ്പത്തികശാസ്ത്ര ബിരുദധാരിയായ ടിന്‍ ചൗവ് രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭകാലത്ത് ഓങ് സാന്‍ സൂകിയുടെ ഡ്രൈവറായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും പാര്‍ലമെന്റ് അംഗമാണ്. സ്‌കൂളിലും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലും സൂകിയുടെ ക്ലാസ്‌മേറ്റായിരുന്ന ചൗവ് ഇപ്പോള്‍ ഒരു ജീവകാരുണ്യ സംഘടനയുടെ തലവനാണ്. എഴുത്തുകാരനും അധ്യാപകനും സ്യൂകിയുടെ ഉപദേഷ്ടാവുമാണ്.

അധികാരം ഒഴിയുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ് മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍സീന്‍ റാഖിന്‍ സംസ്ഥാനത്തെ അടിയന്തരാവസ്ഥ പിന്‍വലിച്ചിരുന്നു. ബുദ്ധമതക്കാരും ന്യൂനപക്ഷ റോഹിംഗ്യ മുസ്‌ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലുകളെത്തുടര്‍ന്നാണ് 2012ല്‍ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണു റോഹിംഗ്യകളെ സര്‍ക്കാര്‍ വീക്ഷിക്കുന്നത്. തലമുറകളായി റാഖിനില്‍ കഴിയുന്ന ഒരുകോടിയില്‍ അധികം റോഹിംഗ്യ മുസ്‌ലിംകള്‍ ഭരണകൂടത്തില്‍നിന്നു കടുത്ത വിവേചനമാണു നേരിടുന്നത്. ഇവര്‍ക്ക് പൗരത്വം നിഷേധിച്ചിരിക്കുകയാണ്. നവംബറിലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും റോഹിംഗ്യകളെ സഹകരിപ്പിച്ചില്ല.

Top