ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. തമിഴ്‌നാട്ടിലെ ഈറോഡില്‍നിന്നുള്ള കൃഷ്ണകുമാറാണ രംഗത്തെത്തിയിരിക്കുന്നത്.
താന്‍ ജയലളിതയുടെ മകനാണെന്നും അവകാശികളില്ലാതെ കിടക്കുന്ന ജയലളിതയുടെ സ്വത്തിനു മേല്‍ തനിക്ക് അവകാശം ഉണ്ടെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.
താന്‍ മകനാണെന്ന വിവരം ലോകത്തിനുമുന്നില്‍ വെളിപ്പെടുത്താനിരിക്കെയായിരുന്നു ‘അമ്മ’യുടെ മരണമെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു. 2016 സെപ്റ്റംബര്‍ 14ന് ചെന്നൈ പോയസ് ഗാര്‍ഡനിലെത്തി ജയലളിതയെ കണ്ടിരുന്നു. നാലു ദിവസം ഞാന്‍ അമ്മയോടൊപ്പം താമസിച്ചു. ലോകത്തിനു മുന്നില്‍ എന്നെ മകനായി അംഗീകരിക്കാന്‍ അമ്മ തയാറായിരുന്നു. എന്നാല്‍, വിവരമറിഞ്ഞ് തോഴിയായ ശശികല എതിര്‍ത്തതോടെ ജയലളിതയും അവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തെന്നും കൃഷ്ണകുമാര്‍ വെളിപ്പെടുത്തി.
ഇതുവരെ ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ തനിക്കു ഭയമായിരുന്നുവെന്നും, ഇനി സത്യമെന്തെന്ന് ലോകം അറിയണമെന്നുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. തന്നെ ദത്തെടുത്തവര്‍ക്കൊപ്പം ജയലളിതയുടെ സുഹൃത്തായ വനിതാമണിയുടെ വസതിയിലാണ് താന്‍ താമസിക്കുന്നതെന്നും കൃഷ്ണകുമാര്‍ അറിയിച്ചു. നിയമപരമായി ജയലളിതയുടെ അനന്തരാവകാശി എന്ന നിലയില്‍, അവരുടെ സ്വത്തുക്കളിന്‍മേലും തനിക്കാണ് അവകാശമെന്ന് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ അടുത്തിടെ ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ഒരു യുവതി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇവരുടെ അവകാശവാദം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.