തിരുവനന്തപുരം: ഇ-ബീറ്റ് പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ചുമതലപ്പെടുത്തിയത് വിശ്വാസ്യത നഷ്ടപ്പെട്ട ഉദ്യോഗസ്ഥനെ.
ബാര്‍ കോഴക്കേസില്‍ നിലപാട് മാറ്റിയും ‘തിരുത്തിയും’ വിവാദ നായകനായ എസ്.പി സുകേശനെയാണ് മുന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യമടക്കമുള്ളവര്‍ക്ക് നേരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചില പൊലീസ് സ്റ്റേഷനുകളില്‍ ഇലക്ട്രോണിക് ബീറ്റ് സംവിധാനം നടപ്പാക്കിയതില്‍ അഴിമതി നടന്നെന്ന പായിച്ചറ നവാസിന്റെ പരാതിയിലാണ് അന്വേഷണം.
പൊലീസ് തലപ്പത്തെ ചേരിപ്പോരിന്റെ ഭാഗമായി ഉയര്‍ന്ന വന്ന ആരോപണമാണിതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
രാത്രികാല പെട്രോളിങ്ങിനിറങ്ങുന്ന പൊലീസുകാര്‍ക്ക് ഇലക്ട്രോണിക് ബിറ്റ് സംവിധാനം വന്നാല്‍ ‘മുങ്ങല്‍’ നടക്കില്ലെന്നതിനാല്‍ തുടക്കം മുതല്‍ തന്നെ ഈ പരിഷ്‌ക്കാരത്തിന് സേനക്കകത്ത് തന്നെ ഒരുവിഭാഗം എതിര്‍പ്പുമുയര്‍ത്തിയിരുന്നു.
കാര്യങ്ങള്‍ എന്ത് തന്നെയായാലും വിജിലന്‍സ് അന്വേഷണത്തിലൂടെ യാഥാര്‍ത്ഥ്യം പുറത്ത് വരട്ടെയെന്ന നിലപാടിലാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥരും സര്‍ക്കാരും.
എന്നാല്‍ സത്യസന്ധമായി നടത്തേണ്ട ഇത്തരം കേസുകളിലെ അന്വേഷണ ചുമതല ആരോപണവിധേയനായ എസ്പിയെ കൊണ്ട് തന്നെ അന്വേഷിപ്പിക്കുന്നത് എന്തിനാണെന്നാണ് മനസ്സിലാവാത്തത്. സുകേശന്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് കോടതിയില്‍ പോലും വിശ്വസ്യതയുണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.
ഗുരുതരമായ കുറ്റം ചെയ്തുവെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും സുകേശനെ വിജിലന്‍സില്‍ നിന്ന് മാറ്റാതിരിക്കുന്ന നടപടിയും സംശയകരമാണ്. സര്‍ക്കാരിന് സ്വമേധയായോ അതല്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ ഈ ഉദ്യോഗസ്ഥനെ മാറ്റാവുന്നതായിരുന്നു. എന്നാല്‍ അത് രണ്ടും ഇവിടെ സംഭവിച്ചിട്ടില്ല.
വിജിലന്‍സ് കോടതി പോലും സുകേശനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇയാളെ മാറ്റാത്തതാണ് ദുരൂഹതയുണര്‍ത്തുന്നത്.
സംസ്ഥാന വ്യാപകമായി അന്വേഷണപരിധിയുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് (എസ്‌ഐയു) 1 ലെ എസ്പിയാണ് സുകേശന്‍. ഇതേ രൂപത്തില്‍ അധികാര പരിധിയുള്ള എസ്‌ഐയു 2 വിലെ എസ്പി ജയകുമാറിനാകട്ടെ അന്വേഷണ ചുമതല കൈമാറിയതുമില്ല.
ബാര്‍ കോഴക്കേസില്‍ ബിജു രമേശുമായി ഒത്തുകളിച്ചെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയ എസ്പിയാണ് സുകേശന്‍.
ബാര്‍ കോഴക്കേസില്‍ ആദ്യം മാണിയെ കുറ്റക്കാരനാക്കി റിപ്പോര്‍ട്ട് നല്‍കുകയും, പിന്നീട് ഭരണമാറ്റത്തെ തുടര്‍ന്ന് നിലപാട് മാറ്റി രംഗത്ത് വരികയും ചെയ്ത സുകേശന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താന്‍ അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് അവകാശപ്പെട്ടിരുന്നത്.
അങ്ങനെ ഏത് ‘സമ്മര്‍ദ്ദത്തിനും’ വഴങ്ങുന്ന ഉദ്യോഗസ്ഥനെ തന്നെ ഈ കേസിന്റെ അന്വേഷണ ചുമതല എന്തിനാണ് ഏല്‍പ്പിച്ചതെന്ന ചോദ്യത്തിന് ഇനി മറുപടി പറയേണ്ടത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ്.