മറ്റൊരു മഹാമാരി?; ചൈനയിലെ സ്‌കൂളുകളില്‍ പടര്‍ന്നുപിടിച്ച് ‘മിസ്റ്ററി ചൈല്‍ഡ് ന്യൂമോണിയ’

ബെയ്ജിങ്: മാരകമായ കോവിഡ് -19 പാന്‍ഡെമിക്കിന്റെ വിനാശകരമായ ഫലങ്ങളില്‍ നിന്ന് പൂര്‍ണമായും കരകയറുന്നതിനു മുന്‍പ് തന്നെ ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും മറ്റൊരു പകര്‍ച്ചവ്യാധി. സ്‌കൂളുകളില്‍ പടര്‍ന്നുപിടിക്കുന്ന ന്യുമോണിയ ആണ് പുതിയ ‘വില്ലന്‍’. കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകള്‍ക്കു സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികള്‍ നിറയുകയാണ്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്‌കൂള്‍ കുട്ടികളില്‍ രോഗം പടരുന്നത്. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞു. മിക്ക സ്‌കൂളുകളിലും വിദ്യാര്‍ഥികളില്ലാത്തതിനാല്‍ അടിച്ചടേണ്ട അവസ്ഥയാണ്.

രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, പനി എന്നിവയുള്‍പ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാല്‍ സാധാരണ ചുമ ഉള്‍പ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉണ്ടാകുന്ന ലക്ഷണങ്ങള്‍ കാണുന്നുമില്ല. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ പ്രോമെഡ്, കുട്ടികളില്‍ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. 2019 ഡിസംബറില്‍ കോവിഡെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയതും പ്രോമെഡ് ആണ്.

”കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഈ വ്യാപനം എപ്പോള്‍ ആരംഭിച്ചുവെന്നു വ്യക്തമല്ല. ഇത്രയധികം കുട്ടികള്‍ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിര്‍ന്നവരെ ആരെങ്കിലും ബാധിച്ചതായി സൂചനയില്ല”- പ്രോമെഡ് വ്യക്തമാക്കി. എന്നാല്‍ ഇതൊരു മഹാമാരി ആകുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top