തിരുവനന്തപുരം: മിത്ത് പരാമര്‍ശത്തില്‍ എംവി ഗോവിന്ദന്‍ മലക്കം മറിഞ്ഞതോടെ ഇനി സ്പീക്കര്‍ തിരുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഗണപതി മിത്താണെന്ന് ഗോവിന്ദന്‍ പറഞ്ഞിരുന്നു. ദില്ലിയിലെത്തിയപ്പോള്‍ മലക്കം മറിഞ്ഞു. പാര്‍ട്ടി സെക്രട്ടറി നിലപാട് പറഞ്ഞതോടെ സ്പീക്കര്‍ക്ക് ഇനി തിരുത്താതിരിക്കാനാകില്ല. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച എംവിഗോവിന്ദന്‍ പാര്‍ട്ടി വിശ്വാസികളോടൊപ്പമാണെന്നും വ്യക്തമാക്കി. ഷംസീറും നിലപാട് തിരുത്തിയാല്‍ പ്രശ്‌നം ഇവിടെ അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗമെന്ന് എംവി ഗോവിന്ദന്‍ ദില്ലിയില്‍ പറഞ്ഞു.മിത്താണെന്ന് പറയേണ്ട കാര്യമില്ല. ഷംസീറും താനും അങ്ങനെ പറഞ്ഞിട്ടില്ല. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അത് ആരും ചോദ്യം ചെയ്തിട്ടില്ല. തെറ്റായ കള്ള പ്രചാരവേലകള്‍ ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു