ജയസൂര്യയുടേത് ‘പൊളിറ്റിക്കൽ അജണ്ട’ തന്നെയെന്ന് എ.ഐ.വൈ.എഫ് പ്രസിഡന്റ് എൻ അരുൺ

സംസ്ഥാന സർക്കാരിനെ ഇകഴ്ത്തി കാണിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ നടത്തിയ പ്രസംഗം മാത്രമാണ് നടൻ ജയസൂര്യയുടേതെന്ന് സി.പി.ഐ നേതാവും , എ. ഐ. വൈ.എഫ് സംസ്ഥാന പ്രസിഡന്റുമായ എൻ. അരുൺ. രണ്ട് മന്ത്രിമാരെ വേദിയിൽ ഇരുത്തി ജയസൂര്യ നടത്തിയ വാസ്തവ വിരുദ്ധമായ പ്രസംഗം ദുരുദ്ദേശപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സ്പ്രസ്സ് കേരളയ്ക്കു നൽകിയ പ്രതികരണത്തിലാണ് ഇത്തരമൊരു പ്രതികരണം അരുൺ നടത്തിയിരിക്കുന്നത്. മുൻ കാലങ്ങളിൽ ഒന്ന് രണ്ട് ഗിമ്മിക്കുകൾ കാണിച്ചത് ഒഴിച്ച് ജയസൂര്യ പൊതു വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ആളൊന്നുമല്ല. കർഷക സ്നേഹമുള്ള വ്യക്തിയായിരുന്നു ജയസൂര്യ എങ്കിൽ, രാജ്യത്തെ കർഷകർ നടത്തിയ ഏറ്റവും ജീവസുറ്റ സമരത്തെക്കുറിച്ച് ഒരു വരിയെങ്കിലും മുൻപ് അദ്ദേഹം പറയുമായിരുന്നു. എന്നാൽ ഇതുവരെ അത്തരം പ്രതികരണങ്ങൾ ഒന്നും ജയസൂര്യ നടത്തിയിട്ടില്ല. കേരളത്തിൽ ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗം, രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അരുൺ ആരോപിച്ചു.

കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ ഗവൺമെന്റുകളാണ് എല്ലാകാലത്തും കർഷകരെയും കർഷക തൊഴിലാളികളെയും ചേർത്ത് പിടിച്ചിട്ടുള്ളതെന്ന് ആർക്കും മനസ്സിലാകും. നിരവധി കർഷകക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ ഗവൺമെന്റാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. കോവിഡ് കാലത്തും പ്രളയ കാലത്തും ഇടത് ഗവണ്മെന്റ് കേരളത്തിലെ കർഷകർക്ക് സഹായം നൽകുകയും കൂടുതൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്തതായും അരുൺ ചൂണ്ടിക്കാട്ടി. കർഷക സ്നേഹവും താല്പര്യവും എല്ലാ കാലത്തും ഉയർത്തി പിടിച്ചിട്ടുള്ളവരാണ് ഇടതുപക്ഷമെന്നും അരുൺ പറഞ്ഞു.

‘ഇന്ത്യ’ മുന്നണി ഒന്നിച്ച് നിന്നാൽ രാജ്യത്ത് ബിജെപിക്ക് 100 സീറ്റുകൾ പോലും ലഭിക്കില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. 2019 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപി 37 ശതമാനം വോട്ടുകൾ കൊണ്ട് മാത്രമാണ് വലിയ ഭൂരിഭക്ഷം നേടി അധികാരത്തിൽ വന്നത്. ഇത് സാധ്യമായത് ബിജെപിയെ എതിർക്കുന്ന പ്രസ്ഥാനങ്ങൾ വികടിച്ച് നിന്നത് കൊണ്ടാണ്. ബിജെപി നേടിയതിന്റെ ബാക്കി 63 ശതമാനം വോട്ടുകളിൽ 50 ശതമാനം ഒന്നിപ്പിക്കാൻ സാധിച്ചാൽ മൂന്നിൽ ഒന്ന് ഭൂരിപക്ഷം ഉണ്ടെന്ന് അഹങ്കരിക്കുന്നവർക്ക് അധികാരം നഷ്ടപ്പെടും. ഈ വസ്തുത മനസിലാക്കിയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ‘ഇന്ത്യ’യുടെ ഭാഗമായത്. ഇത് മനസിലാക്കിയത് കൊണ്ടാണ് കേന്ദ്രം ‘പേര് മാറ്റൽ’ അടക്കമുള്ള പുതിയ ചർച്ചകൾ കൊണ്ട് വരുന്നതെന്നും അരുൺ ചൂണ്ടിക്കാട്ടി.

മലയാള സിനിമയിൽ ഇടതുപക്ഷ വിരുദ്ധത സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമം കുറച്ച് നാളുകളായി നടന്ന് വരികയാണെന്ന് ചലച്ചിത്ര സംവിധായകൻ കൂടിയായ അരുൺ ആരോപിച്ചു. കേരളത്തിൽ ചില സിനിമകൾ പുറത്ത് ഇറങ്ങുമ്പോൾ അവിടെ സംഘ പരിവാറിന്റെ ഇടപെടൽ ഉണ്ടാകുന്നു എന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. കലാകാരന്മാർക്ക് സ്വന്തം അഭിപ്രായങ്ങൾ പറയാം, എന്നാൽ ഇത്തരം അഭിപ്രായങ്ങൾ ഒരു ഗൂഢാലോചനയുടെ ഭാഗം ആകുമ്പോഴാണ് അവിടെ അപകടം പതിയിരിക്കുന്ന എന്ന യാതാർഥ്യം മനസിലാക്കാൻ സാധിക്കുന്നത്. മലയാള സിനിമ എല്ലാ കാലത്തും വർഗീയതയിൽ നിന്ന് മാറിയാണ് സഞ്ചരിച്ചിരുന്നത്. ഇടത് വിരുദ്ധത പ്രകടിപ്പിക്കാനും സംഘ പരിവാർ രാഷ്ട്രീയം പ്രചരിപ്പിക്കാനും സിനമയെ ആയുധമാക്കി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അരുൺ പറഞ്ഞു. ( അഭിമുഖത്തിന്റെ വീഡിയോ കാണുക)

Top