‘പിണറായി വിജയനോട് പകയോ വ്യക്തിവൈരാഗ്യമോ ഇല്ല’; എന്‍. കെ പ്രേമചന്ദ്രന്‍ എംപി

തിരുവനന്തപുരം: പിണറായി വിജയനോട് പകയോ വ്യക്തിവൈരാഗ്യമോ ഇല്ലെന്ന് എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. 2014ല്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത പദപ്രയോഗം ഉപയോഗിച്ചാണ് പിണറായി അധിക്ഷേപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിച്ചു. അത് മുഖ്യമന്ത്രിയുടെ ശൈലിയാണ്. അതിന് ജനം മറുപടി നല്‍കിയതാണെന്നും എന്‍. കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

പിണറായിയുടെ പ്രവര്‍ത്തന രീതിയോടും ശൈലിയോടും പഴയേതിനേക്കാല്‍ അതിശക്തമായ വിയോജിപ്പാണ് ഇപ്പോഴുള്ളതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയമായ എതിര്‍പ്പ് തുടരുമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തെ അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം എ ബേബിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി വിജയന്‍ എന്‍ കെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് വിളിച്ചത്. പിണറായിയുടെ പരാമര്‍ശം പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പിണറായി.

താന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടുവെന്നാണ് 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്‍ കൊല്ലത്ത് ചോദിച്ചത്. പരാമര്‍ശം തിരുത്താനോ പിന്‍വലിക്കാനോ തയ്യറാവാതെ രൂക്ഷമായി വിമര്‍ശിക്കുകയാണ് പിണറായി ചെയ്തത്.

Top