ചെന്നൈ:പുതിയ തമിഴ് ചിത്രം 90 എം എല്‍ നെതിരെ ആരോപണവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് പാര്‍ട്ടി (എന്‍എല്‍പി). ചിത്രം സംസ്‌കാരത്തെയും യുവത്വത്തെയും മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് എന്‍എല്‍പി സംസ്ഥാന വിമന്‍ വിങ് മേധാവി ആരിഫ റസാക്ക് നായിക ഓവിയയ്‌ക്കെതിരെയും ചിത്രത്തിന്റെ സംവിധായിക അനിതാ ഉദീപിനെയിരെയും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ചിത്രം തമിഴ് സിനിമയെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മദ്യപാനികള്‍ ഉപയോഗിക്കുന്ന വാക്കാണ് ചിത്രത്തിന്റെ ടൈറ്റിലെന്നും അവര്‍ ആരോപിച്ചു.
അമിതമായ അശ്ലീല പ്രയോഗങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തില്‍ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള രംഗങ്ങളും ഉണ്ട്. സാംസാകാരിക മൂല്യങ്ങളെ പരസ്യമായി അപകീര്‍ത്തിപ്പെടുത്ത ചിത്രം വളര്‍ന്ന് വരുന്ന യുവ തലമുറയെ വഴിതെറ്റിക്കുന്നതാണെന്നും അവര്‍ പരാതിയില്‍ പറയുന്നു.
ചിത്രത്തിന്റെ ട്രെയിലറിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. അശ്ലീല പദപ്രയോഗങ്ങളും ഹോട്ട് രംഗങ്ങളും മദ്യപാനവും പുകവലിയും എല്ലാം ഉള്‍പ്പെട്ട, സംസ്‌കാരത്തെ തന്നെ ദുഷ്‌കീര്‍ത്തിപ്പെടുത്തുന്നതുമായ സിനിമയുടെ റിലീസിന് അനുവാദം നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെയും ആരിഫ റസാക്ക് തന്റെ പരാതിയില്‍ ചോദ്യം ചെയ്യുന്നു.
തമിഴ് നടന്‍ ചിമ്പു സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും ചിമ്പു എത്തുന്നു.മലയാളിതാരം ആന്‍സന്‍ പോള്‍, മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.