ന്യൂഡല്‍ഹി: സഭയെ പരിഹസിച്ച് എഴുത്തുകാരന് എന്‍എസ് മാധവന്റെ ട്വീറ്റ്. വിരമിച്ച മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ മദ്യം സേവിക്കാമെങ്കില്‍ എന്തുകൊണ്ട് ചെങ്ങന്നൂരിലെ പാവം പത്രോസിന് മേലാ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കയ്യില്‍ ബീര്‍ഗ്ലാസ്സുമായി ഇരിക്കുന്ന ബെനഡിക്ട് പതിനാറാമന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് എന്‍ എസ് മാധവന്റെ ട്വീറ്റ് ചെയ്തത്.
വത്തിക്കാനിൽ (പഴയ) പോപ്പ് ബെനഡിക്റ്റിനാകാം, പക്ഷേ ചെങ്ങനൂരിൽ പാവം പത്രോസിന് മേലാ. pic.twitter.com/FyVgna9ec4
— N.S. Madhavan (@NSMlive) March 20, 2018
അടച്ച ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ചെങ്ങന്നൂരില്‍ കെസിബിസിയുടെ (കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍) നേതൃത്വത്തില്‍ ജനകീയ കണ്വെന്ഷന് നടത്താന്‍ പോകുന്ന പശ്ചാത്തലത്തിലാണ് മാധവന്റെ ട്വീറ്റ്.
2017 ഏപ്രില്‍ 17ന് ബെനഡിക്ട് പതിനാറാമന്റെ 90ാം പിറന്നാളാഘോഷ വേളയിലാണ് അദ്ദേഹം ബീര്‍ കഴിക്കുന്ന ചിത്രങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അച്ചടിച്ചു വന്നത്.
ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ തിരിച്ചടി നല്‍കുമെന്ന് കെസിബിസി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.