ആര്‍ബിഐ താല്‍ക്കാലിക ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കും

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ രാജിവെച്ച സാഹചര്യത്തില്‍ താല്‍കാലിക ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കാന്‍ സാധ്യത.

സെന്‍ട്രല്‍ ബാങ്കിലെ മുതിര്‍ന്ന ഡെപ്യൂട്ടി ഗവര്‍ണറാണ് എന്‍.എസ് വിശ്വനാഥന്‍. ആര്‍.ബി.ഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. 2016 ജൂലൈ നാലിനാണ് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറായി അദ്ദേഹം ചുമതലയേറ്റത്.

പിന്നീട് മൂന്നു വര്‍ഷം ഇതേ സ്ഥാനത്ത് തുടര്‍ന്നു. വെള്ളിയാഴ്ച നടക്കുന്ന ആര്‍.ബി.ഐ ഭരണസമിതി യോഗത്തില്‍ ഇടക്കാല ഗവര്‍ണറായി വിശ്വനാഥനെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച വൈകിട്ടാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു രാജിയെങ്കിലും കേന്ദ്ര സര്‍ക്കാരുമായി തുടരുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണു പദവി ഒഴിയല്‍ എന്നാണു സൂചന. അഞ്ചു വരികളുള്ള രാജിക്കത്താണ് അദ്ദേഹം സമര്‍പ്പിച്ചത്.

Top