N Sakthan boycott kerala assembly

തിരുവനന്തപുരം: നിയമസഭയില്‍ ചൊവ്വാഴ്ച ബില്ലുകളുടെ ചര്‍ച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തെ തുടര്‍ന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ ഇന്ന് സഭാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു.

രാവിലെ സമ്മേളനം തുടങ്ങിയപ്പോള്‍ സ്പീക്കര്‍ തന്റെ ഓഫീസിലുണ്ടായിരുന്നു. എന്നാല്‍ സഭയിലെത്തിയില്ല. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് സഭാനടപടികള്‍ നിയന്ത്രിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിമാനത്താവളത്തില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നതിനാല്‍ മന്ത്രിമാര്‍ക്ക് നേരത്തെ പോകുന്നതിന് വേണ്ടി ചര്‍ച്ച ചുരുക്കണമെന്ന് സ്പീക്കര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്പീക്കറുടെ നിലപാടിനെ ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. ദോശ ചുടുന്നത് പോലെ നിയമനിര്‍മ്മാണം നടത്തരുതെന്നായിരുന്നു രമേശിന്റെ വിമര്‍ശനം.

നിയമനിര്‍മാണത്തിനിടെ അംഗങ്ങളെ നിയന്ത്രിക്കുന്നത് അങ്ങ് നിയന്ത്രിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ മന്ത്രിമാര്‍ക്ക് പോകേണ്ടതുള്ളതിനാലാണ് ചര്‍ച്ച ചുരുക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചതെന്ന് സ്പീക്കര്‍ ഇതിന് മറുപടി നല്‍കി. നിങ്ങളുടെ ഇഷ്ടം പോലെ സംസാരിച്ചു കൊള്ളൂ എന്നും സ്പീക്കര്‍ പ്രതികരിച്ചിരുന്നു.

Top