തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായി എഡിജിപി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചു. വിന്‍സന്‍ എം. പോള്‍ വിജിലന്‍സ് ഡയറക്ടര്‍ പദവിയൊഴിഞ്ഞതോടെയാണ് തല്‍സ്ഥാനത്തേക്ക് ശങ്കര്‍ റെഡ്ഡിയെ നിയമിച്ചത്. ശങ്കര്‍റെഡ്ഡിക്കു പകരം ഉത്തരമേഖലാ എഡിജിപിയായി നിതിന്‍ അഗര്‍വാളിനെയും നിയമിച്ചു.
എം.ആര്‍ അജിത് കുമാറിനെ തൃശൂര്‍ റേഞ്ച് ഐ.ജിയായും മഹിപാല്‍ യാദവിനെ എറണാകുളം റേഞ്ച് ഐ.ജിയായി നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
1986 ബാച്ച് ഐപിഎസ് ഓഫീസറാണ് ശങ്കര്‍ റെഡ്ഡി. ആന്ധ്രാപ്രദേശിലെ മെഹ്ബൂബ് നഗര്‍ സ്വദേശിയായ ശങ്കര്‍ റെഡ്ഡി കല്‍പറ്റ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വയനാട് എസ്.പി,കോഴിക്കോട് സിറ്റി കമ്മീഷണര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി, മധ്യമേഖല ഡിഐജി, ഉത്തര മേഖല ഡിഐജി, ഇന്റലിജന്‍സ് ഡിഐജി, വിജിലന്‍സ് ഐജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ലും 2012 ലും വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹനായി.