പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മണ്ണാര്‍ക്കാട് എംഎല്‍എ എന്‍.ഷംസുദീന്‍. ആള്‍ക്കൂട്ടം മധുവിനെ മര്‍ദിക്കുന്നതിനിടെ ഉബൈദ് എന്ന യുവാവ് സെല്‍ഫിയെടുത്തിരുന്നു. ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും സെല്‍ഫി മാത്രമേ എടുത്തിട്ടുള്ളൂവെന്നും ഷംസുദീന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണ സമയത്തു പങ്കെടുത്തവരുടെ ഫോട്ടോ ഉപയോഗിച്ചു തനിക്കെതിരെ ചിലര്‍ വ്യാജപ്രചരണം നടത്തുകയാണ്. രണ്ടു കൊല്ലം മുന്‍പു എടുത്ത ഫോട്ടോയാണിത്. പ്രചാരണത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. പ്രദേശത്തെ ഒരു യുഡിഎഫ് പ്രവര്‍ത്തകനാണ് ഇക്കാര്യം രാവിലെ വിളിച്ചുപറഞ്ഞത്. ഉബൈദ് കാട്ടിലേക്കു പോയിട്ടില്ലെന്നും സെല്‍ഫി മാത്രമേ എടുത്തിട്ടുള്ളൂവെന്നും യുഡിഎഫിന്റെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകനാണു അറിയിച്ചതെന്നും ഷംസുദീന്‍ വിശദീകരിച്ചു.
എന്തായാലും നമ്മള്‍ അതിലൊന്നും ഇടപെടില്ല. നിയമം അതിന്റെ വഴിക്കു പോകും. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെടാനിടയായ സംഭവം അപലപനീയമാണ്. പ്രതികള്‍ക്കെല്ലാം ന്യായമായ ശിക്ഷ നല്‍കണമെന്നും ഷംസുദീന്‍ വ്യക്തമാക്കി.