ചുമരില്‍ തൂങ്ങിയാടുന്നത് പഴക്കമേറിയ ചിത്രങ്ങളാണ് എന്നാല്‍ അലമാരകളില്‍ ഇന്നും പൊടി പിടിക്കാതെ തിളങ്ങി നില്‍ക്കുകയാണ് കുക്കുറാമിന്റെ ട്രോഫികള്‍. പഞ്ചാബിലെ പാട്യാലയിലെ അറിയപ്പെടുന്ന ബോഡി ബില്‍ഡിങ്ങ് ചാമ്പ്യനായിരുന്നു കുക്കുറാം. . പക്ഷെ ദാരിദ്ര്യം കുലത്തൊഴിലിലേക്കു തന്നെ കൊണ്ടെത്തിച്ചിരിക്കുകയാണ്.
പട്ടികജാതിയില്‍ ഉള്‍പ്പെടുന്ന വാത്മീകി സമുദായത്തില്‍പ്പെട്ട അംഗമാണ് ഇദ്ദേഹം. അറിയപ്പെടുന്ന ബോഡി ബില്‍ഡറായിരുന്നെങ്കിലും നല്ലൊരു സ്‌പോണ്‍സര്‍ ഇല്ലാത്തതിനാല്‍ മുന്നോട്ടുള്ള വഴികളും അടഞ്ഞു. തുടര്‍ന്നാണ് കുലത്തൊഴിലിലേക്ക് തിരിഞ്ഞത്. ഭക്ഷണം കഴിക്കാന്‍ വഴിയില്ലാതായതോടെയാണ് കൈയ്യില്‍ ചൂലും ബക്കറ്റുമായി ഇറങ്ങിയത്.
അഴുക്കു ചാലുകള്‍, കക്കൂസ്, മാന്‍ഹോള്‍, നിരത്തുകള്‍ തുടങ്ങിയവ വൃത്തിയാക്കി അന്നന്നത്തെ ആഹാരത്തിനുള്ള വഴി കണ്ടെത്തി. കുലത്തൊഴിലില്‍ വിഷമം ഉണ്ടായിരുന്നില്ല. കാരണം വിശപ്പ് ശമിപ്പിക്കാന്‍ ഭക്ഷണം വേണം അതിന് പണം വേണം .ആരും വെറുതെ കൊണ്ടു തരില്ല. രണ്ടു വര്‍ഷത്തിന് ശേഷം 2013-ല്‍ സര്‍ക്കാരിന്റെ സഹായ വായ്പ ലഭിച്ചതോടെ കുക്കറാം അത്തരം ജോലിയില്‍ നിന്നും പൂര്‍ണ്ണമായും മാറുകയായിരുന്നു. തുടര്‍ന്ന് പുതിയൊരു ബിസിനസ് ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ കുക്കറാമിനെ പോലെ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് സഹായ ധനത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇനിയും നൂറു കണക്കിനാളുകള്‍ ഇപ്പോഴും ഇതിന് പിന്നില്‍ കഷ്ടപ്പെടുന്നുണ്ട്. അപകടകരമായ പണിയാണ് മാന്‍ഹോള്‍ വൃത്തിയാക്കല്‍. പലരും മരണപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നെങ്കിലും അതും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിവരം. അത്തരം ജോലി വേണ്ടെന്ന് തീരുമാനിക്കുമ്പോഴും ദാരിദ്രം തലയ്ക്കു മുകളില്‍ നില്‍ക്കുന്നതിനാല്‍ വീണ്ടും അത്തരം ജോലിക്ക് തന്നെ പോകേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്.
എന്‍.എസ്.കെ.എഫ്.ഡി.സിയുടെ പദ്ധതി പ്രകാരം ഇവരുടെ പുരനധിവാസത്തിന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ ഈ സ്‌കീം പ്രകാരമുള്ള ഗുണം ഇവര്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ല. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞതെല്ലാതെ ഇവരുടെ ഉന്നമനത്തിനായി യാതൊരു നടപടികളും നടന്നിട്ടില്ല.
ജില്ലകള്‍ തോറും വ്യക്തമായ ഒരു സര്‍വേ നടത്തി അതു പ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്. അഴുക്കുവൃത്തി ചെയ്യുന്നവരുടെ ഉന്നമനത്തിനായി ഒറ്റത്തവണ ലോണ്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ഉപഭോക്താക്കാള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പരാതി.
എന്നാല്‍ വ്യക്തമായ കണക്കുകളില്ലാത്തതാണ് അര്‍ഹരായവര്‍ക്ക് ആനൂകൂല്യം കിട്ടാതിരുന്നതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. സര്‍വെ പ്രകാരം 13, 636 പേരാണ് തോട്ടി പണി ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ കണക്കില്‍ 12,771 പേര്‍ക്കാണ് ആനൂകൂല്യം അനുവദിച്ചിരിക്കുന്നതെന്നും സാമൂഹിക ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബാങ്ക് നടപടി ആയതുകൊണ്ടാണ് ഇത്രയും വൈകുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പദ്ധതി പ്രകാരം ചെറിയ ബിസിനസ് തുടങ്ങാനുള്ള വായ്പ പദ്ധതിയാണ് എന്‍എസ്‌കെഎഫ്ഡിസിയുടെത്.
എന്നാല്‍ സര്‍ക്കാറിന്റെ വാക്ക് വെറും വാക്കാണെന്നും ഇത് നടക്കുമെന്ന് യാതൊരു പ്രതീക്ഷയും തങ്ങള്‍ക്കില്ലെന്ന് വാല്‍മീകി സമദായത്തിലെ ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം പുനരധിവാസത്തിന് വായ്പ അല്ല നല്‍കേണ്ടത് നഷ്ടപരിഹാരമാണെന്ന് എന്‍ജിഒയായ എസ്എഎയുടെ ദേശീയ കണ്‍വീനര്‍ പറഞ്ഞു. മൂന്നു വര്‍ഷമായി ഇവര്‍ അവഗണന നേരിടുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നല്ലൊരു ബിസ്‌നസ് തുടങ്ങാന്‍ പുനരധിവാസ പാക്കേജായ ഒരു ലക്ഷം മതിയാകില്ലെന്നും 10 ലക്ഷം തുക വേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം ലോണ്‍ എടുക്കാന്‍ പലര്‍ക്കും പേടിയാണ്. ബിസ്‌നസ് തകര്‍ന്നാല്‍, തിരിച്ചടവ് മുടങ്ങിപോയാല്‍ വലിയ പ്രശ്‌നമായി തീരുമെന്ന് അവര്‍ ഭയക്കുന്നുണ്ട്. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. കാരണം തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
2019-തോടെ രാജ്യത്ത് മുഴുവന്‍ ടോയലറ്റുകള്‍ നിര്‍മ്മിക്കണമെന്നും, തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് പൂര്‍ണ്ണമായും തുടച്ചുമാറ്റണമെന്നുമാണ് സ്വച്ഛ് ഭാരത് പദ്ധതിയില്‍ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ രാജ്യം വൃത്തിയാകണമെങ്കല്‍ അതിനു പിന്നില്‍ നില്‍ക്കുന്നവരെ സംരക്ഷിക്കേണ്ട ബാധ്യതയും സര്‍ക്കാരിനില്ലേ..? അഴുക്കു ചാലില്‍ നിന്ന് അഴുക്കു പുരണ്ട ജീവിതത്തിലേക്ക് പിന്തുടര്‍ച്ചയായി തുടരുകയാണ് ഇവരുടെ ജീവിതം. ഇവരുടെ ഉന്നമനം ഇന്നും ചുവപ്പു നാടയ്ക്കുള്ളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്.