തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനോട് പത്മകുമാര്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
കോടതി നടപടികളെ കുറിച്ച് വിശദമായി ചോദിക്കാമെന്നാണ് പത്മകുമാര്‍ പറഞ്ഞതെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം പുനഃപരിശോധന ഹര്‍ജികളാണ് പരിഗണിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസുവിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് തിരുത്തി പറഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും താന്‍ പുറത്തല്ല, അകത്ത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡിന്റെ അഭിഭാഷകന്‍ സാവകാശഹര്‍ജിയെക്കുറിച്ച് പരാമര്‍ശിക്കാതെ സര്‍ക്കാരിനെ പിന്തുണച്ചതിലുള്ള അതൃപ്തി പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ നിലപാട് പൂര്‍ണമായും മാറ്റിപ്പറയുകയായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം.
പത്മകുമാറിനെ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ബോര്‍ഡ് പ്രസിഡന്റ് നിലപാട് മാറ്റിയത്. പുറത്ത് പോകാന്‍ ഉദ്ദേശമില്ല. കാലാവധി പൂര്‍ത്തിയാക്കും. കമ്മീഷണറോട് താന്‍ വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോര്‍ട്ട് കിട്ടട്ടെ എന്ന് പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു. സര്‍ക്കാരിനൊപ്പമാണ് താന്‍. വികാരപരമായി സുപ്രീംകോടതി വിധിയെ സമീപിക്കില്ല, പത്മകുമാറിന്റെ വാക്കുകള്‍.