നാടാര്‍ സംവരണം; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി സര്‍ക്കാര്‍. മറാത്ത സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവ് വരും മുന്‍പാണ് നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. സുപ്രീം കോടതി ഉത്തരവിന് മുന്‍പുള്ള സംവരണ പട്ടിക, രാഷ്ട്രപതി പുതിയ പട്ടിക തയ്യാറാക്കുന്നത് വരെ നിയമപരമായി നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ സംവരണ പട്ടികയില്‍ 2000 മുതല്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗമുണ്ടെന്നും അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറാത്താ സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്തത്.

രണ്ടായിരം മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ഒബിസി പട്ടികയില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം ഉള്‍പ്പെട്ടിട്ടുണ്ടെന്നും അപ്പീലില്‍ പറയുന്നു. അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും.

 

Top