നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.

ഓണാവധിക്കുശേഷം കോടതി ഇന്നാണു തുറക്കുന്നത്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് അന്വേഷണസംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നെഞ്ചുവേദനയ്ക്കു നാദിര്‍ഷ ചികിത്സ തേടിയിരുന്നു.

അറസ്റ്റു ചെയ്യുമെന്നു പോലീസ് ഭീഷണിപ്പെടുത്തുകയാണ്. കടുത്ത സമ്മര്‍ദം നേരിടാന്‍ കഴിയുന്നില്ല. മണിക്കൂറുകളോളം താന്‍ ചോദ്യം ചെയ്യലിനു വിധേയനായതാണ്. കേസുമായി എല്ലാ തരത്തിലും സഹകരിച്ചെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞതാണെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അറസ്റ്റു ചെയ്യുന്നതു തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

കേസില്‍ അന്വേഷണം മുന്നോട്ടു പോകാനുണ്ടെന്നും അതിനു നാദിര്‍ഷയെ ചോദ്യം ചെയ്യണമെന്നുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും. കേസില്‍ ദിലീപിനെ രക്ഷപ്പെടുത്താന്‍ നാദിര്‍ഷ ശ്രമിച്ചതായി അന്വേഷണസംഘത്തിനു വ്യക്തമായ തെളിവു ലഭിച്ചതായും സൂചനയുണ്ട്.

നാദിര്‍ഷയ്‌ക്കെതിരായി കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴി പുറത്തുവന്ന സാഹചര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കുമെന്നാണു സൂചന.

Top