നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

അറസ്റ്റ് ചെയ്യുമെന്നു പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തുന്നെന്നും പോലീസിന്റെ കനത്ത സമ്മര്‍ദം നേടിരാന്‍ കഴിയുന്നില്ലെന്നും കാട്ടിയാണു നാദിര്‍ഷാ അപേക്ഷ നല്‍കിയത്. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തെറ്റായ മൊഴികള്‍ പറയാന്‍ പോലീസ് ആവശ്യപ്പെടുന്നതായും നാദിര്‍ഷാ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനി നാദിര്‍ഷയ്‌ക്കെതിരേ പോലീസിനു നല്‍കിയ മൊഴി പുറത്തായിരുന്നു. തൊടുപുഴയില്‍ ഷൂട്ടിംഗ് സെറ്റില്‍ വച്ച് നാദിര്‍ഷ തനിക്ക് 25,000 രൂപ നല്‍കിയെന്നാണ് സുനില്‍കുമാറിന്റെ മൊഴി. ദിലീപ് നിര്‍മാണ പങ്കാളിയായി നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണു പണം കൈമാറിയത്. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് നാദിര്‍ഷ പണം നല്‍കിയതെന്നും സുനി പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ നാദിര്‍ഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

മുന്‍പ് ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷാ പറഞ്ഞതു പലതും കളവെന്നു പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്.

Top