‘കലാകാരൻ എങ്ങനെയാകണമെന്ന് പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം’: മമ്മൂട്ടിയെ കുറിച്ച് നാദിർഷ

സംവിധായകൻ ജൂഡ് ആന്റണിയും മമ്മൂട്ടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെയും മലയാള സിനിമയിലേയും ചർച്ചാ വിഷയം. ജൂഡിന്റെ പുതിയ ചിത്രമായ 2018ന്റെ ടീസർ ലോഞ്ചിനിടെ ‘ജൂഡ് ആൻറണിക്ക് തലയിൽ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്’ എന്ന മമ്മൂട്ടിയുടെ വാക്കുകൾ വിമർശനങ്ങൾക്ക് വഴിവയ്ക്കുക ആയിരുന്നു. ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ മമ്മൂട്ടി ഉപയോഗിച്ച വാക്കുകൾ ബോഡി ഷെയ്മിം​ഗ് ആണെന്നായിരുന്നു ഉയർന്ന ആരോപണം. വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി കഴിഞ്ഞ ദിവസം രം​ഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഈ അവസരത്തിൽ നാദിർഷ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒരു കലാകാരൻ എങ്ങനെയായിരിക്കണം പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂട്ടിയെന്ന് നാദിർഷ കുറിക്കുന്നു. മമ്മൂട്ടിുടെ ഖേദ പ്രകടന പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു നാദിർഷയുടെ പോസ്റ്റ്. “കലാകാരൻ എങ്ങനെയായിരിക്കണം എന്ന് ജീവിതം കൊണ്ടും,പ്രവൃത്തികൾ കൊണ്ടും,വാക്കുകൾ കൊണ്ടും വീണ്ടും വീണ്ടും പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം.love u my dear ikka”, എന്നാണ് നാദിർഷ കുറിച്ചത്. ഇക്കാര്യം ശരിവച്ച് ഒട്ടേറെ പേർ കമന്റുകളുമായി രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി”, എന്നായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെ “എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.

Top