കാവേരി നദീജല തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി നടികര്‍ സംഘത്തിന്റെ പ്രതിഷേധ കൂട്ടായ്മ

Tamil Actors go on protest

ചെന്നൈ: കാവേരി അന്തര്‍സംസ്ഥാന നദീജല തര്‍ക്കത്തെതുടര്‍ന്ന് കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ് സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രതിഷേധ കൂട്ടായ്മയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വിജയ്, സൂര്യ, ധനുഷ്, വിവേക് തുടങ്ങിയ മുന്‍ നിര താരങ്ങളെല്ലാം കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്.

വിഷയത്തില്‍ സ്വീകാര്യമായ പരിഹാരമാര്‍ഗ്ഗം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് (സിഎംബി) രൂപവത്കരിക്കുക മാത്രമാണെന്ന് കഴിഞ്ഞ ദിവസം നടന്‍ രജനികാന്ത് വ്യക്തമാക്കിയിരുന്നു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ അണ്ണാഡിഎംകെ, ഡിഎംകെ എംപിമാരുടെ സംയുക്ത പ്രതിഷേധം നടന്നതിന് പിന്നാലെയാണ് രജനികാന്തും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നത്.

കാവേരി വിഷയത്തില്‍ തമിഴ്‌നാടും കര്‍ണാടകവും യോജിപ്പില്‍ എത്തണമെന്ന് നടന്‍ കമല്‍ഹാസനും നേരത്തെ പറഞ്ഞിരുന്നു. വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും, ഇരു നദികളും തമ്മില്‍ ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിയെ കുറിച്ച് ഇരു സംസ്ഥാനങ്ങളും ആലോചിക്കണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തമിഴ്‌നാട്ടില്‍ കാവേരി നദീതട പ്രദേശങ്ങളിലൂടെ എം.കെ.സ്റ്റാലിന്‍ നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ കാവേരി സംരക്ഷണ യാത്ര തുടരുകയാണ്. ശനിയാഴ്ച തിരുച്ചിറപ്പള്ളിയില്‍ നിന്നും ആരംഭിച്ച യാത്ര ഇന്ന് തഞ്ചാവൂര്‍ ജില്ലയിലൂടെ കടന്നുപോകും. കര്‍ഷക സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചതോടെ പ്രതിപക്ഷ പ്രതിഷേധം കൂടുതല്‍ ശക്തമാകും.

നടക്കാം , ശബ്ദമുയര്‍ത്താം, വീണ്ടെടുക്കാം എന്ന മുദ്രാവാക്യവുമായാണ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ തെക്കന്‍ തമിഴ്‌നാട്ടില്‍ കാവേരി സംരക്ഷണ യാത്ര നടക്കുന്നത്. കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള യാത്രയ്ക്ക് കര്‍ഷക നേതാവ് അയ്യാക്കണ്ണിന്റെ പിന്തുണ ലഭിച്ചത് നേട്ടമായി. കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദിക്കാന്‍ പോലും ശേഷിയില്ലാത്ത സര്‍ക്കാരാണ് തമിഴ്‌നാട്ടിലേതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. യാത്ര സമാപിക്കുന്നതിന് മുമ്പ് ഉചിതമായ തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സ്റ്റാലിന്‍ മുന്നറിയിപ്പു നല്‍കി.

തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിനു കര്‍ഷകരുടെ അതിജീവനത്തിന്റെ പ്രശ്‌നമാണു കാവേരി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ന്യായമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും സംസ്ഥാന സര്‍ക്കാരിനുണെന്നും കര്‍ണാടകയുടെ സമ്മര്‍ദത്തിനു വഴങ്ങി ബോര്‍ഡ് രൂപീകരണം വൈകിപ്പിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് നേരത്തെ കത്തെഴുതിയിരുന്നു.

ബോര്‍ഡ് ഉടന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് ബിജെപി നേതാക്കള്‍ എല്‍.ഗണേശന്റെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടിരുന്നു.

Top