നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ക്രിസ്തുമതത്തെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നാദിര്‍ഷ. ജയസൂര്യയെ നായകനാവുന്ന ‘ഈശോ’, ദിലീപ് നായകനാവുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നീ ചിത്രങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഈശോ സിനിമയുടെ നോട്ട് ഫ്രെം ദി ബൈബിള്‍ എന്ന ടാഗ്ലൈന്‍ ജീസസിനെ അവഹേളിക്കുന്ന തരത്തിലാണെന്ന് വിമര്‍ശനം.
കേശു ഈ വീടിന്റെ നാഥന്‍ എന്ന പേര് ഈശോ ഈ വീടിന്റെ നാഥന്‍ എന്ന് ക്രിസ്ത്യാനികളുടെ വീടുകളില്‍ കാണുന്ന ബോര്‍ഡിന് സമാനമാണെന്നും ആരോപണമുണ്ടായിരുന്നു. ഇതും മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നു.
ഒരു മുസ്ലിം ആയ നാദിര്‍ഷയ്ക്ക് ക്രിസ്ത്യനികളോടും മതത്തോടും എന്തോ വ്യക്തി വൈരാഗ്യം ഉണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നു. ഇതുപോലെ മുഹമ്മദ് എന്ന പേരിട്ടു സിനിമ ചെയ്യാന്‍ നിനക്ക് ധൈര്യം ഉണ്ടോ എന്നും ഈശോയുടെ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെ ഒരുകൂട്ടര്‍ ചോദിച്ചു. ചിത്രങ്ങള്‍ക്കെതിരെ ചില ക്രിസ്ത്യന്‍ സംഘടനകളും വൈദികരും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചതോടെ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.
തല്‍കാലം ‘ഈശോ’ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ടൈറ്റിലും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നാദിര്‍ഷ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചിത്രത്തിന് ജീസസുമായി യാതൊരു ബന്ധവുമില്ലെന്നും ക്രിസ്ത്യന്‍ സമുദായത്തിലെ തന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം നോട്ട് ഫ്രെം ദി ബൈബിള്‍ എന്ന ടാഗ്ലൈന്‍ മാത്രം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘ഈശോ സിനിമയുടെ സെക്കന്‍ഡ് മോഷന്‍ പോസ്റ്റര്‍ ബുധനാഴ്ച്ച (04-08-2021). വൈകിട്ട് 6.00 മണിക്ക് എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക്. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം) അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം നോട്ട് ഫ്രെം ദി ബൈബിള്‍ എന്ന ടാഗ്ലൈന്‍ മാത്രം മാറ്റും.അല്ലാതെ തല്‍ക്കാലം ‘ഈശോ’ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള, എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക്, ആരുടേയും മനസ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍. ‘കേശു ഈ വീടിന്റെ നാഥന്‍ ‘ഈശോ’ എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ്. അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക,’