കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ഞായറാഴ്ച ചോദ്യം ചെയ്യും.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിര്‍ഷ അന്വേഷണസംഘം മുമ്പാകെ ഹാജരായിരുന്നു. എന്നാല്‍ നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാദിര്‍ഷ വൈകുന്നേരത്തോടെ ചോദ്യം ചെയ്യലിന് തയാറാണെന്ന് അറിയിച്ചെങ്കിലും വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ടു രണ്ടാമതും ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വിളിച്ചതിനു പിന്നാലെ നാദിര്‍ഷ മൂന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാദിര്‍ഷാ സത്യം മാത്രമെ പറയാവൂയെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. മൊഴി സത്യസന്ധമല്ലെങ്കില്‍ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.