കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ സഹോദരന്‍ സമദിനെ ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്തത്.
നടിയെ ആക്രമിച്ച സംഭവത്തില്‍ സമദിന് വിവരങ്ങള്‍ അറിയാമെന്ന നിഗമനത്തിലാണ് സമദിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
നാദിര്‍ഷ അവസാനമായി സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ സമദ് ഉണ്ടായിരുന്നു. അവിടെ പള്‍സര്‍ സുനി വന്നിരുന്നു എന്ന് പൊലീസിന് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പള്‍സര്‍ സുനിയുമായി അടുത്ത ബന്ധം നാദിര്‍ഷയുടെ സഹോദരനടക്കമുള്ളവര്‍ക്ക് ഉണ്ടെന്നുള്ളത് തന്നെയാണ് പൊലീസ് നിഗമനം.
ഹാസ്യതാരം ധര്‍മജന്‍ ബോള്‍ഗാട്ടിയുമൊത്തുള്ള പള്‍സര്‍ സുനിയുടെ ഒരു ചിത്രം ഇതിന് മുന്‍പ് സമൂഹമാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തിന് സമീപത്തുള്ളത് സമദാണെന്ന് അന്വേഷണസംഘത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് സമദിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ഇതിന് മുന്‍പ് നടന്‍ ദിലീപും നാദിര്‍ഷയും നിരപരാധികളെന്ന് സമദ് പ്രതികരിച്ചിരുന്നു. പ്രചരിക്കുന്നത് അസത്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആലുവയിലെ പൊലീസ് ക്ലബ്ബില്‍ ദിലീപിനെയും നാദിര്‍ഷയേയും ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴും സമദ് അവിടെയെത്തിയിരുന്നു.