ന്യൂഡല്‍ഹി : സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റി ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചു. പ്രധാനമന്ത്രിയും ചീഫ്ജസ്റ്റിസിന്റെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രിയും തീരുമാനത്തോട് യോജിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ വിയോജിച്ചു.
വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ടത്. ഡയറക്ടര്‍ ഫയര്‍ സര്‍വ്വീസസ് ആന്റ് ഹോം ഗാര്‍ഡ്‌സ് ആയാണ് മാറ്റം.
അലോക് വര്‍മ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന് മല്ലികാര്‍ജ്ജുന ഖര്‍ഗെ വാദിച്ചു. അലോക് വര്‍മ്മയെ ഉടന്‍ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചു. ഇതോടെ ഖര്‍ഗെയുടെ വിജയോജനക്കുറിപ്പ് എഴുതി വാങ്ങി തീരുമാനം കൈക്കൊള്ളുകയായിരുന്നു. റഫാല്‍ ഇടപാട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു.