’18 വർഷത്തെ തപസ്സ് നിഷ്ഫലം’; രാജ്യസഭ സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് നഗ്മ

ചെന്നൈ: കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർത്ഥിത്വ നിർണയത്തിൽ അതൃപ്തിയുമായി നടിയും മഹിള കോൺ​ഗ്രസ് ജനറൽ സെക്രട്ടറിയുമായ നഗ്മ. താൻ 2003-04 കാലത്ത് പാർട്ടിയിൽ ചേർന്നപ്പോൾ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തനിക്ക് നേരിട്ട് ഉറപ്പു തന്നിരുന്നു. എന്നാൽ 18 വർഷമായിട്ടും രാജ്യസഭയിലേക്ക് കോൺഗ്രസ് ഒരു അവസരം പോലും തന്നില്ലെന്ന് നഗ്മ പറയുന്നു. ട്വിറ്ററിലൂടെയാണ് നഗ്മ തന്റെ പ്രതിഷേധം അറിയിച്ചത്.

ഇമ്രാൻ പ്രതാപ്ഗാർഹിയെ ഇത്തവണ മഹാരാഷ്ട്രയിൽ നിന്നും സ്ഥാനാർത്ഥിയാക്കിയിരിക്കുന്നു. താൻ ഇതിന് അർഹതയില്ലാത്ത ആളായതിനാലാകും പരിഗണിക്കാത്തതെന്നും നഗ്മ ട്വിറ്ററിൽ സൂചിപ്പിക്കുന്നു. ഞങ്ങളുടെ 18 വർഷത്തെ തപസ്സും ഇമ്രാൻ ഭായിക്ക് മുന്നിൽ വീണു എന്ന് പവൻഖേരയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് നഗ്മ കുറിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള നേതാവായ ഇമ്രാന് ഇത്തവണ സീറ്റ് ലഭിക്കാൻ കാരണമായത് പ്രിയങ്കാഗാന്ധിയുടെ ഇടപെടലാണെന്നാണ് റിപ്പോർട്ടുകൾ.

സ്ഥാനാർത്ഥിത്വ നിർണയത്തിനെതിരെ രാജസ്ഥാൻ ഘടകത്തിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള മൂന്ന് സീറ്റിലേക്കും സംസ്ഥാനത്തുനിന്നുള്ള നേതാക്കളെ ആരെയും പരിഗണിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. ഇറക്കുമതി സ്ഥാനാർത്ഥികളെ നിർത്തിയത് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം പറയുന്നു.

രാജസ്ഥാനിൽ നിന്നും കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരെയാണ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. സുർജേവാല ഹരിയാനക്കാരനും വാസ്‌നിക് മഹാരാഷ്ട്രയും പ്രമോദ് തിവാരി ഉത്തർപ്രദേശുകാരനുമാണ്. പാർട്ടി പുനർജീവനത്തിനായി ചിന്തൻ ശിബിർ നടത്തിയ രാജസ്ഥാനിൽ നിന്നും ആരെയും പരിഗണിക്കാത്തത് നിരാശാജനകമാണെന്നും സംസ്ഥാന നേതൃത്വം പറയുന്നു.

രാജസ്ഥാനിൽ നിന്നും സീറ്റ് ആഗ്രഹിച്ച കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്കും സീറ്റ് ലഭിച്ചില്ല. സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് തന്റെ തപസ്സിൽ എന്തെങ്കിലും പോരായ്മ ഉണ്ടായിരിക്കാം എന്ന് പവൻ ഖേര ഇന്നലെ ട്വിറ്ററിൽ കുറിപ്പ് ഇട്ടിരുന്നു. ഇന്ന് അദ്ദേഹം നിലപാട് തിരുത്തുകയും പാർട്ടി തന്നെ ആദരിച്ചിട്ടുണ്ടെന്നും ഖേര വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയത്തിൽ പട്ടിക ജാതി, പട്ടിക വർഗ-ഒബിസി സംവരണം പാലിച്ചിട്ടുണ്ടോയെന്നും, ഈ വിഭാഗത്തിൽ നിന്നും എത്രപേരുണ്ടെന്നുമുള്ള ചോദ്യവുമായി ഗുജറാത്ത് ഘടകവും അതൃപ്തി അറിയിച്ച് രംഗത്തു വന്നിട്ടുണ്ട്.

കോൺഗ്രസ് പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടിക അനുസരിച്ച് മുൻ കേന്ദ്രമന്ത്രിമാരായ പി ചിദംബരം തമിഴ്‌നാട്ടിൽ നിന്നും ജയറാം രമേശ് കർണാടകയിൽ നിന്നും മത്സരിക്കും. രാജസ്ഥാനിൽ നിന്ന് രൺദീപ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരും, ഛത്തീസ് ഗഡിൽ നിന്ന് രാജീവ് ശുക്ല, രഞ്ജീത് രഞ്ജൻ, ഹരിയാനയിൽ നിന്ന് അജയ് മാക്കൻ, മധ്യപ്രദേശിൽ നിന്ന് വിവേക് തൻഖ എന്നിവരും മത്സരിക്കും.

കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്ന ജി-23 നേതാക്കളിൽ മുകുൾ വാസ്‌നിക്കിനെ മാത്രമാണ് രാജ്യസഭയിലേക്ക് പരിഗണിച്ചത്. രാജ്യസഭ സീറ്റ് ആഗ്രഹിച്ചിരുന്ന മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ എന്നിവരെ തഴഞ്ഞു. സീറ്റ് ലഭിച്ചേക്കില്ലെന്ന് മുൻകൂട്ടി മനസ്സിലാക്കിയ കപിൽ സിബൽ കഴിഞ്ഞദിവസം പാർട്ടി വിട്ട് സമാജ് വാദി പാർട്ടി പിന്തുണയോടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു.

Top