യോഗ്യത, ‘സോഷ്യല്‍ മീഡിയ ഭീകരവാദം’; ‘ലോക്കല്‍’ തീവ്രവാദികളെ വലവീശി ഭീകരസംഘടന

hackers

സോഷ്യല്‍ മീഡിയയെ കുറിച്ച് പണ്ട് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞൊരു വാചകമുണ്ട്. പൊതുസ്ഥലത്തെ കക്കൂസിന്റെ ചുമരില്‍ എഴുതിവെയ്ക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങളെന്ന്! തങ്ങള്‍ക്ക് ഇഷ്ടമുള്ള നിലപാടുകള്‍ക്ക് അനുസൃതമായി വായില്‍തോന്നുന്നത് എഴുതിവെച്ചും, മറ്റുള്ളവരെ അസഭ്യം വിളിച്ചും സംതൃപ്തി കണ്ടെത്തുന്നവര്‍ ഏറെയാണ്.

എന്നാല്‍ ഇതില്‍ കടന്നുകൂടുന്ന തീവ്രചിന്തകള്‍ നോക്കി ഇന്ത്യന്‍ പൗരന്‍മാരെ ഓണ്‍ലൈനില്‍ വലവീശി പിടിക്കാന്‍ പാക് ആസ്ഥാനമായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് സന്നദ്ധമായി രംഗത്തുള്ളതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ പോലീസും, സിആര്‍പിഎഫും നഗ്രോതയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വെടിവെച്ച് കൊല്ലുകയും, തീവ്രവാദ സംഘടനയ്ക്കായി അടിസ്ഥാന പ്രവൃത്തികള്‍ നിര്‍വ്വഹിച്ച മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ജെയ്‌ഷെയുടെ ഭയപ്പെടുത്തുന്ന രീതികള്‍ പുറത്തുവന്നത്.

പരിശീലനം സിദ്ധിച്ച തീവ്രവാദികളെ മാത്രമല്ല ഓണ്‍ലൈനില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ തീവ്രവാദം പരിശോധിച്ച് പുതിയ റിക്രൂട്ടുകളെ പ്രാദേശിക തലത്തില്‍ കണ്ടെത്താനും ശ്രമിക്കുന്നതായാണ് അന്വേഷണം കണ്ടെത്തിയത്. ചണ്ഡീഗഢില്‍ പഠിക്കുന്ന 20 വയസ്സുള്ള ബിഎസിസി വിദ്യാര്‍ത്ഥിയുടെ അറസ്റ്റാണ് ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാന്‍ ടോള്‍ പ്ലാസ എന്‍കൗണ്ടറിന് ശേഷമാണ് ഇയാളെയും, പുല്‍വാമയിലെ ചാവേറിന്റെ ബന്ധു സമീര്‍ അഹമ്മദ് ധറും പിടിയിലായത്. പാകിസ്ഥാനിലെ ഹാന്‍ഡ്‌ലര്‍മാരുമായി സംസാരിക്കുമ്പോള്‍ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ സമീറാണ് സഹായം ചെയ്തത്. പുല്‍വാമയ്ക്ക് സമാനമായ അക്രമണത്തിന് ശ്രമിച്ച സമീറിനെ ആര്‍ഡിഎക്‌സ് സഹിതമാണ് പിടികൂടിയത്. ജെയ്‌ഷെ കമ്മാന്‍ഡര്‍ അബു ഹംസയാണ് ഈ പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഇന്ത്യാവിരുദ്ധ പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധിച്ചാണ് ജെയ്‌ഷെ ഓണ്‍ലൈനില്‍ നിന്നും പറ്റിയ ആളുകളെ തെരഞ്ഞെടുക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇത്തരം ആളുകളുടെ സഹായത്തോടെയാണ് പ്രാദേശിക തലത്തിലെ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ഏകോപിപ്പിക്കുന്നത്.

Top