ജയസൂര്യ- രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ നാളെ പുറത്തിറങ്ങുന്നു.പുതുമകളാല്‍ നിറഞ്ഞ ഈ സിനിമയുടെ ട്രെയിലര്‍ നാളെ പുറത്തിറങ്ങുമ്പോള്‍ വലിയൊരു പുതുമയുണ്ട്. ട്രാന്‍സ് വുമണിന്റെ കഥ പറയുന്ന ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്നത് ഇന്ത്യയില്‍ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് ട്രാന്‍സ് വുമന്‍സ് ചേര്‍ന്നാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച മേക്ക്അപ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, ഐടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നാകും ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ നാളെ പ്രകാശനം ചെയ്യുന്നത്.
കൊച്ചി ലുലുമാളില്‍ നാളെ വൈകിട്ട് ഒന്‍പത് മണിക്കാണ് ട്രെയിലര്‍ പ്രകാശനം നടക്കുക. ട്രാന്‍സ് വുമന്‍സിനെ കഥാപാത്രമാക്കി സിനിമകള്‍ ഇതിന് മുമ്പ് വന്നിട്ടുണ്ടെങ്കിലും അവര്‍ക്ക് വേണ്ടി ഇങ്ങനെയൊരു വേദി ഒരുങ്ങുക ഇതാദ്യമാകും.
ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ഞാന്‍ മേരിക്കുട്ടി എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. ജൂണ്‍ 15ന് ചിത്രം തിയറ്ററുകളിലെത്തും.
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ- രഞ്ജിത് ശങ്കര്‍ ടീം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പ്രേതം എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്.