ടെലി​ഗ്രം വഴി നഗ്നവീഡിയോ കോൾ;ഭീക്ഷണിപ്പെടുത്തി യുവാവില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ

വയനാട്: ടെലിഗ്രം വഴി നഗ്‌നവീഡിയോകോള്‍ ചെയ്ത് ഭീക്ഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പിടിയില്‍. രാജസ്ഥാന്‍ സ്വദേശിനിയായ യുവതി ജയ്പൂരില്‍ നിന്നാണ് പിടിയിലായത്. യുവാവില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ യുവതി തട്ടിയെടുത്തിരുന്നു. ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവും സംഘവും ചേര്‍ന്നാണ് രാജസ്ഥാന്‍ സവായ് മദേപൂര്‍ ജില്ലയിലെ ജെറവാദ സ്വദേശി മനീഷ മീണയെ പിടികൂടിയത്.

വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് യുവതി പണം സ്വീകരിച്ചത്. അപരിചിതരുടെ വീഡിയോ കോള്‍ സ്വീകരിക്കുന്ന പലരും ഇത്തരത്തിലുള്ള ചതി കുഴിയില്‍ വീഴുന്നുണ്ട്. ദിനം പ്രതി ഇത്തരത്തില്‍ ഉള്ള നിരവധി കേസുകളാണ് സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എസ് ഐ ബിനോയ് സ്‌കറിയ, എസ് പി സി ഒ മാരായ കെ റസാക്ക്, സലാം കെ എ, പി എ ഷുക്കൂര്‍, അനീസ്, സി പി ഒ സി വിനീഷ എന്നിവരുടെ അന്വേഷസംഘമാണ് യുവതിയെ പിടികൂടിയത്.

2023 ജൂലൈയിലാണ് ടെലിഗ്രം വഴി നഗ്‌നവീഡിയോകോള്‍ ചെയ്ത് യുവാവില്‍ നിന്ന് പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചാണ് ടെലിഗ്രം അക്കൗണ്ട് ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള ചതിയില്‍ അകപ്പെട്ടെന്ന് കാണിച്ച് യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത് ഏഴുമാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതിയെ പിടികൂടിയത്. കേരള പൊലീസ് തന്നെ അന്വേഷിച്ച് രാജസ്ഥാനില്‍ എത്തിയതറിഞ്ഞ യുവതി ഉടന്‍ തന്നെ യുവാവിന് തട്ടിയെടുത്ത തുക തിരികെ അയച്ച് നല്‍കിയിരുന്നു.

Top