nalini neto chief secretary

തിരുവനന്തപുരം: സംസ്ഥാനത്തെ നാല്‍പ്പത്തിരണ്ടാമത് ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു.

എസ് എം വിജയാനന്ദ് വിരമിച്ച ഒഴിവിലാണ് നളിനി നെറ്റോയെ സര്‍ക്കാര്‍ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചത്. എസ്എം വിജയാനന്ദ് വെള്ളിയാഴ്ചയാണ് വിരമിച്ചത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് തനിക്കുള്ളതെന്നും ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും നളിനി നെറ്റോ പറഞ്ഞു. എല്ലാ ഉദ്യോഗസ്ഥരും ഒരു കുടുംബം പോലെ പ്രവര്‍ത്തിക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം നളിനി നെറ്റോ പറഞ്ഞു

പത്മ രാമചന്ദ്രന്‍, നീല ഗംഗാധരന്‍, ലിസി ജേക്കബ് എന്നിനവര്‍ക്ക് ശേഷം ചീഫ് സെക്രട്ടറിയാവുന്ന നാലാമത്തെ വനിതയാണ് നളിനിനെറ്റോ.

1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോ തിരുവനന്തപുരം ജില്ലാ കളക്ടര്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി, സഹകരണ രജിസ്‌ട്രേഷന്‍, ജലസേചനം, ഗതാഗതം,ആഭ്യന്തരം എന്നിവയില്‍ സെക്രട്ടറിയായിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൂടാതെ ഒമ്പത് വര്‍ഷം സംസ്ഥാനത്ത് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ആയിരുന്നു.

Top