തിരുവനന്തപുരം: പോലീസ് മേധാവിയായിരുന്ന ടിപി സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഇടപെട്ടന്ന ഹര്‍ജി ഫെബ്രുവരി ഏഴിന് പരിഗണിക്കും.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. സമാന പരാതി ഹൈക്കോടതിയില്‍ ഉള്ളതിനാല്‍ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ നിലപാട് പറയാനാവില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
നളിനി നെറ്റോ സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ഇതേ തുടര്‍ന്ന് 2016 മെയ് 30ന് സെന്‍കുമാറിനെ മാറ്റുകയും ചെയ്തതായി ഹര്‍ജിയില്‍ പറയുന്നു.
ചീഫ് സെക്രട്ടറി മുഖാന്തരം മുഖ്യമന്ത്രിക്ക് പോകേണ്ട ഫയല്‍ ആഭ്യന്തര സെക്രട്ടറി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷമാണ് ജിഷ വധക്കേസിലും, പുറ്റിങ്ങല്‍ കേസിലും ഡിജിപി വീഴ്ച വരുത്തിയെന്ന പരാമര്‍ശമുള്ള റിപ്പോര്‍ട്ട് നളിനി നെറ്റോ തയ്യാറാക്കിയത്.
സിവില്‍ സര്‍വ്വീസ് ബോര്‍ഡ് രൂപീകരിച്ച് പോലീസ് മേധാവിയെ മാറ്റാന്‍ സുപ്രീം കോടതി അനുവദിക്കുന്നില്ലെന്നിരിക്കെ ആഭ്യന്തര സെക്രട്ടറി ഈ ബോര്‍ഡ് രൂപീകരിച്ചാണ് സെന്‍കുമാറിനെ നീക്കിയത്. ഇതിനായി സര്‍ക്കാര്‍ ഫയലുകളില്‍ തിരിമറി നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
വിവിധ ആരോപണങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടും ഈ ഫയലുകള്‍ നളിനി നെറ്റോ പൂഴ്ത്തിയെന്നും പരാതിയുണ്ട്.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് സ്വജനപക്ഷപാതം കാണിക്കുന്നതിന് നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹര്‍ജിക്കാരനായ സതീഷ് വസന്തിന്റെ ആവശ്യം.