തിരുവനന്തപുരം: സംസ്ഥാന ഭരണത്തില്‍ സൂപ്പര്‍ ‘പവറായി’ തിളങ്ങിയ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയുമായ നളിനി നെറ്റോക്ക് തിരിച്ചടി.
യുഡിഎഫ് സര്‍ക്കാര്‍ ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി, മുന്‍ ഇന്റലിജന്‍സ് മേധാവി എ ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍, എന്‍.സി അസ്താന എന്നിവരെ എഡിജിപിമാരായി തരംതാഴ്ത്തണമെന്ന നളിനി നെറ്റോയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ തള്ളിയതാണ് അവര്‍ക്ക് വന്‍ പ്രഹരമായത്.
ഉദ്യോഗക്കയറ്റം നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തരസെക്രട്ടറിയുടെ ഇടപെടല്‍. ഈ ഐപിഎസുകാര്‍ക്കൊപ്പം തന്നെ ഇത്തരത്തില്‍ ഉദ്യോഗക്കയറ്റം കിട്ടിയ ഐഎഎസുകാരുടെ കാര്യം മറച്ചുവെച്ചായിരുന്നു ‘പകപോക്കല്‍’.
വിഷയം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ പരിഗണനക്ക് വന്നപ്പോള്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു വിഭാഗത്തിനോട് മാത്രം പക്ഷപാതപരമായി പെരുമാറുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു ചീഫ് സെക്രട്ടറിക്ക്.
ഈയൊരു സാഹചര്യത്തില്‍ തല്‍ക്കാലത്തേക്ക് മാറ്റിവെച്ച വിഷയം കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വന്നപ്പോഴും ചീഫ് സെക്രട്ടറിയുടെ നിലപാടാണ് തത്ത്വത്തില്‍ അംഗീകരിക്കപ്പെട്ടത്.
ഇതോടെ ഫലത്തില്‍ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളുന്ന സാഹചര്യമാണുണ്ടായത്.
ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കൂടി ചുമതല ലഭിച്ച നളിനി നെറ്റോയുടെ ഇടപെടലാണ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെന്‍കുമാര്‍ തെറിക്കാന്‍ കാരണമായതെന്നും ആരോപണമുയര്‍ന്നിരുന്നു.
കൊല്ലത്തെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കമാണ് ഇരുവരുടെയും ഉടക്കില്‍ കലാശിച്ചിരുന്നത്.
സര്‍ക്കാരില്‍ പാര്‍ട്ടി ഇടപെടലുകള്‍ക്ക് റെഡ്‌സിഗ്നല്‍ കാണിച്ച മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറി നല്‍കിയ ലിസ്റ്റ് പ്രകാരമായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നടത്തിയിരുന്നത്.
ഇതുമൂലം കളങ്കിതരും ക്രിമിനല്‍-വിജിലന്‍സ് കേസുകളില്‍ പ്രതികളുമായ ഉദ്യോഗസ്ഥര്‍ക്കടക്കം തന്ത്രപ്രധാനമായ തസ്തികകളില്‍ നിയമനം ലഭിക്കുന്ന സാഹചര്യവുമുണ്ടായി.
സിപിഎം നേതൃത്വത്തിലും ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
ഇത്തരമൊരു സാഹചര്യം കളക്ടര്‍മാരുടെ നിയമനത്തില്‍ ഉണ്ടാവാതിരിക്കാന്‍ സിപിഐ നേതൃത്വം നിലപാട് കടുപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമിറങ്ങിയ കളക്ടര്‍മാരുടെ നിയമനത്തില്‍ ഒരാളുടെ കാര്യത്തില്‍ പോലും സിപിഐ നേതൃത്വത്തിന്റെ താല്‍പ്പര്യത്തിനപ്പുറം നിയമനം നടന്നിട്ടില്ല.
എറണാകുളം കളക്ടറെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും സിപിഐയുടെ താല്‍പര്യത്തിനനുസരിച്ചാണ് പിണറായിയും നിലപാടെടുത്തത്.
‘സമാന്തര അധികാര കേന്ദ്ര’ത്തിന്റെ പിടി അയയുന്നു എന്നതിന്റെ സൂചനയായിട്ടാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
സര്‍ക്കാരിന്റെ വിവേചന അധികാരമുപയോഗിച്ചാണ് അഞ്ച് എഡിജിപിമാരെ യുഡിഎഫ് സര്‍ക്കാര്‍ പ്രമോട്ട് ചെയ്തിരുന്നത്. ആറ് മാസത്തേക്ക് ഇതിന് കേന്ദ്രത്തിന്റെ അനുമതി പോലും ആവശ്യമില്ലായിരുന്നു.
മുന്‍പ് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ പോളിനെയും ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്ന ചന്ദ്രശേഖരനെയും ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗകയറ്റം നല്‍കിയതിനെ കേന്ദ്രം എതിര്‍ത്തിരുന്നു. അക്കൗണ്ടന്റ് ജനറല്‍ ഇവര്‍ക്ക് ഡിജിപി തസ്തികയിലുള്ള ശമ്പളം നല്‍കുന്നതിനെയും തടഞ്ഞിരുന്നു.
ഇതിന് സമാനമായ സാഹചര്യമാണ് ഡിജിപിമാരായി ഉയര്‍ത്തപ്പെട്ട അഞ്ച് ഉദ്യോഗസ്ഥര്‍ക്കും നേരിടേണ്ടി വന്നത്. അക്കൗണ്ട് ജനറലിന്റെ ശക്തമായ ഉടക്കിനെ തുടര്‍ന്ന് ഇവര്‍ക്കിപ്പോഴും എഡിജിപിയുടെ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ശമ്പളം കൂടുതലായി ലഭിച്ചില്ലെങ്കിലും ഡിജിപി റാങ്ക് കിട്ടിയ സന്തോഷത്തിലായിരുന്നു ഈ ഉദ്യോഗസ്ഥര്‍.
ഇടത്പക്ഷം അധികാരത്തില്‍ വന്നയുടനെ നടന്ന സ്ഥലമാറ്റത്തില്‍ ഈ അഞ്ച് ഉദ്യോഗസ്ഥരെയും മാറ്റി നിയമിച്ചിരുന്നെങ്കിലും ഡിജിപി പദവിയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം ഇവരെ ത്രിശങ്കുവിലാക്കിയിരുന്നു.
പൊലീസിനെ സംബന്ധിച്ച് ഒരു ദിവസത്തെ സീനിയോറിറ്റിയുള്ള ഉദ്യോഗസ്ഥരെ പോലും അതേ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ സല്യൂട്ടടിക്കുന്നതാണ് കീഴ്‌വഴക്കം.
ഇവിടെ ഇന്ന് വരെ ഡിജിപി പദവിയിലിരുന്നവര്‍ തിരിച്ച് എഡിജിപിയാകുന്ന അവസ്ഥ ഉദ്യോഗസ്ഥരെ സംബന്ധിച്ച് നാണക്കേട് തന്നെയായിരുന്നു. ഈയൊരു സാഹചര്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ മാറിയിരിക്കുന്നത്.