കൊല്ലം: നമ്പി നാരായണനെതിരെ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ വിമര്‍ശിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്.
ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന കാര്യം ഇപ്പോള്‍ മനസിലായെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. സെന്‍കുമാറിന് ആരെക്കുറിച്ചും എന്തും പറയാമെന്ന ഹുങ്കാണെന്നും സെന്‍കുമാറിന്റ മനസിലെ പക തീര്‍ന്നിട്ടില്ലെന്നും സര്‍ക്കാര്‍ പദവികളിലിരുന്ന് സെന്‍കുമാര്‍ സുഖിച്ചപ്പോള്‍ ജീവിതത്തില്‍ ഉള്ളതെല്ലാം നഷ്ടമായ അവസ്ഥയിലായിരുന്നു നമ്പി നാരായണനെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്നും അവാര്‍ഡ് നല്‍കിയവര്‍ ഇത് വ്യക്തമാക്കണമെന്നും ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ഗോവിന്ദച്ചാമിയും, അമീര്‍ ഉള്‍ ഇസ്ലാമുമൊക്കെ ഈ പട്ടികയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനൊരു അംഗീകാരമെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.