ചാരക്കേസില്‍ കുടുങ്ങിയ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കറ്ററി ദി നമ്പി എഫക്ട്’ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.
തമിഴ് സൂപ്പര്‍താരം ആര്‍. മാധവനാണ് നമ്പി നാരായാണനായി വേഷമിടുന്നത്. മാധവന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തമിഴ് നടി സിമ്രാനാണ് ചിത്രത്തിലെ നായിക. പതിനഞ്ച് വര്‍ഷത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
നമ്പി നാരായണന്‍ തന്നെ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മാധവന്റെ ട്രൈ കളര്‍ ഫിലിംസും വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കാനായി മാധവന്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
എ.പി.ജെ അബ്ദുള്‍ കലാം മുതല്‍ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലെ നിറസാന്നിധ്യമായിരുന്ന ശാസത്രഞ്ജന്‍മാരെയും ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഷാരൂഖ് ഖാനും തമിഴ് നടന്‍ സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ ചെയ്യുന്ന റോള്‍ തമിഴില്‍ സൂര്യയാണ് ചെയ്യുന്നത്.
ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്.