തിരുവനന്തപുരം: സുപ്രിം കോടതി വിധി പ്രകാരം ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി ഒക്ടോബര്‍ 9 ന് ചൊവ്വാഴ്ച കൈമാറും. 3 മണിക്ക് സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്.
നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ 14ന് ആണ് സുപ്രീംകോടതി ഉത്തരവിട്ടത്. കേസ് അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വാ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി നിര്‍ദേശിക്കാന്‍ മുന്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതിക്കും രൂപംനല്‍കി.
നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
2012ലെ ഹൈക്കോടതി വിധി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നമ്പി നാരായണനു നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും കിട്ടുന്ന തുകയെക്കാള്‍ വലുതാണു കിട്ടിയ നീതിയെന്നും നമ്പി നാരായണന്‍ പ്രതികരിച്ചിരുന്നു.