ശിവസേനയുടെ പേരും ചിഹ്നവും; ഉദ്ധവ് താക്കറെയുടെ ഹർജി ഹൈക്കോടതി തള്ളി

ദില്ലി: ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി. പാർട്ടിയുടെ പേരായ ശിവസേനയും അതിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്പും മരവിപ്പിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ മാസമാണ് ഹൈക്കോടതിയെ സമീപിച്ചത്.

ശിവസേനയുടെ വില്ലും അമ്പും തിരഞ്ഞെടുപ്പ് ചിഹ്നവും പേരും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ഉടൻ അവസാനിക്കുന്നത് ശിവസേനയുടെ രണ്ട് വിഭാഗങ്ങളുടെയും പൊതുജനങ്ങളുടെയും താൽപ്പര്യമുള്ള കാര്യമാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് നരുല പരാമര്‍ശം നടത്തി.

പ്രശ്‌നം എത്രയും വേഗം തീർപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. അതിനാല്‍ തന്നെ ഇപ്പോഴത്തെ ഹർജി തള്ളിയെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാസഖ്യത്തില്‍ നിന്നും ശിവസേനയുടെ 55 എംഎൽഎമാരിൽ 40-ലധികം പേരും ഇപ്പോഴത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയെ പിന്തുണച്ചതോടെയാണ് താക്കറെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.

അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് താക്കറെയുടെയും ഷിൻഡെയുടെയും നേതൃത്വത്തിലുള്ള രണ്ട് ശിവസേന വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒക്ടോബർ 8 ലെ ഇടക്കാല ഉത്തരവിൽ വിലക്കിയിരുന്നു.

നടപടിയില്‍ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട താക്കറെയുടെ വാദം അനുവാദിക്കാതെ ഉത്തരവ് പാസാക്കുന്നതിൽ അനാവശ്യ തിടുക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ കാണിച്ചുവെന്ന് ഹർജിയിൽ ഉദ്ധവ് താക്കറെ ആരോപിച്ചു. 1966-ൽ തന്‍റെ പിതാവ് ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയായ ശിവസേനയുടെ തുടക്കം മുതൽ പാർട്ടി ചിഹ്നം ഉപയോഗിച്ചിരുന്നതായി താക്കറെ തന്റെ ഹർജിയിൽ അവകാശപ്പെട്ടു.

Top