നമീബിയയുടെ പ്രസിഡന്റ് ഹാഗെ ഗെയ്ഗോബ് അന്തരിച്ചു

നമീബിയന്‍ പ്രസിഡന്റ് ഹാഗെ ഗിംഗോബ് അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതനായിരിക്കെ 82ാം വയസിലാണ് അന്ത്യം. പ്രോസ്റ്റേറ്റ് കാന്‍സറിനെ അതിജീവിച്ചശേഷം ഗിംഗോബ് 2015 മുതല്‍ പ്രസിഡന്റ് പദവിയില്‍ സ്ഥിരമായിരുന്നു. ഗിംഗോബിന്റെ വിയോഗത്തോടെ അടുത്ത തെരഞ്ഞെടുപ്പ് വരെ വൈസ് പ്രസിഡന്റ് നംഗോലോ എംബുംബയ്ക്കാണ് താത്ക്കാലിക ഭരണച്ചുമതല.

1941ലാണ് ഹാഗെ ഗിംഗോബ് ജനിച്ചത്. 1990ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പേ നമീബിയയുടെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ഹാഗെ. നമീബിയയുടെ ഭരണഘടന തയ്യാറാക്കിയ ബോഡിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടിയപ്പോള്‍ നമീബിയയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി, 2002 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2012 ല്‍ വീണ്ടും പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഗിംഗോബ് വ്യാപാര വ്യവസായ മന്ത്രിയായും സേവനമനുഷ്ഠിച്ചു.

പ്രസിഡന്റിന്റെ മരണകാരണം പക്ഷേ അധികൃതര്‍ വെളിപ്പെടുത്തിയില്ല. കഴിഞ്ഞ മാസമാണ് ഹാഗെ കാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. നമീബിയയുടെ തലസ്ഥാനമായ വിന്‍ഡ്‌ഹോക്കിലെ ആശുപത്രിയിലായിരുന്നു മരണം.

Top